padam

കൊച്ചി: കാക്കനാട് ലഹരിക്കേസിലെ 'ദുബായ്' കണക്ഷൻ തേടി എക്സൈസ് ക്രൈംബ്രാഞ്ച്. കേസിൽ അറസ്റ്റിലായ ചെന്നൈ സ്വദേശി ഷംസുദ്ദീൻ സേഠിന്റെ മരുമകനുൾപ്പെടുന്ന ശ്രീലങ്കൻ ലഹരികടത്ത് സംഘത്തിന് കേരളത്തിൽ നിന്നടക്കം പണം എത്തിയിരുന്നത് ദുബായ് വഴിയാണെന്ന കണ്ടെത്തലിനെ തുടർന്നാണിത്. കേസിലെ ഒന്നാം പ്രതി ഫവാസുമായി അടുത്ത ബന്ധമുള്ളവരെയാണ് തിരയുന്നത്. ബാങ്ക് രേഖകളും വാട്സാപ്പ് ചാറ്രുകളും ലഭിച്ചിട്ടുണ്ട്. സഹായികളെക്കുറിച്ച് ഏകദേശ ധാരണയുണ്ട്. വിദേശത്തായതിനാൽ ഇവരിൽനിന്ന് മൊഴിയെടുക്കുന്നതുൾപ്പെടെ സ്വീകരിക്കേണ്ട നടപടികളിൽ തീരുമാനമായിട്ടില്ല. അഞ്ച് പ്രതികൾ ഒളിവിലാണ്. മൂന്നുപേ‌ർ അന്വേഷണം ആരംഭിച്ചതോടെ വിദേശത്തേക്ക് മുങ്ങി. ഇവരെ നാട്ടിലെത്തിക്കാനുള്ള നീക്കം ആരംഭിച്ചിട്ടുണ്ട്.

 എത്തിയത് 68 ലക്ഷം രൂപ

2020 ഒക്ടോബ‌ർ വരെ ലഹരി ഇടപാടിലൂടെ ഫവാസിന്റെ ബാങ്ക് അക്കൗണ്ടിൽ എത്തിയത് 68ലക്ഷം രൂപയാണ്. കൂട്ടുപ്രതികളുടെ അക്കൗണ്ടുകളിലേക്കും നല്ലനൊരു തുക ഇക്കാലയളവിൽ എത്തിയിട്ടുണ്ട്. പ്രതികളിൽ നിന്ന് ഷംസുദ്ദീന്റെ അക്കൗണ്ടിലേക്ക് 15 ലക്ഷം രൂപ കൈമാറ്റം ചെയ്തതാണ് ഇയാളെ കുടുക്കിയത്. കൊച്ചിയിലെ പണമിടപാടും ഡി.ജെ. പാ‌ർട്ടികൾളും 12-ാം പ്രതിയായ ഫോ‌ർട്ടുകൊച്ചി സ്വദേശിനി സുസ്മിത ഫിലിപ്പാണ് (ടീച്ചർ ) നിയന്ത്രിച്ചിരുന്നത്. ഇവരുടെ അക്കൗണ്ടിൽനിന്നാണ് ദുബായിലെ സഹായികൾക്ക് പണം കൈമാറിയിട്ടുള്ളത്.

 പണമിടപാട് ഇങ്ങനെ

ആളുകളെ കൂട്ടാൻ നിശാപർട്ടി ഒരുക്കും - യുവാക്കളിൽ നിന്ന് പണം ശേഖരിക്കും - സുസ്മിത വഴി പണം ദുബായിലേക്ക്

- ദുബായിൽ നിന്ന് ശ്രീലങ്കയിലേക്ക് - പണമെത്തിയാൽ സേഠ് ലഹരി കൈമാറും - കേരളത്തിലെത്തിച്ച് വിറ്റ് കാശാക്കും - ലാഭമുൾപ്പെടെ പണം തിരികെ നൽകും - വൻതുക കൈയിൽ ശേഷിക്കും - വീണ്ടും പഴയപടി ഇടപാട് തുടരും

 ദുബായ് ബന്ധം കണ്ടെത്താനുള്ള ശ്രമത്തിലാണ്. അന്വേഷണം ആരംഭിച്ചിട്ടുണ്ട്

ടി.എം. കാസിം

അസി. കമ്മിഷണ‌ർ

എക്സൈസ് ക്രൈംബ്രാഞ്ച്