കളമശേരി: നിയോജക മണ്ഡലത്തിൽ മുന്നണിക്കുള്ളിലും മുസ്ലിംലീഗ് ,കോൺഗ്രസ് പാർട്ടിക്കുള്ളിലും ചേരിതിരിവ് ശക്തമാകുന്നു. സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റിനെ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കിയ നടപടിക്ക് കൂട്ടുനിന്ന് പാർട്ടി അച്ചടക്കം ലംഘിച്ചതിന് ബാങ്ക് ഭരണസമിതിയിലെ മുസ്ലിം ലീഗ് പ്രതിനിധികളായ കെ.എം.മുഹമ്മദ്, പി.എ.അബ്ദുള്ള പുക്കാലി എന്നിവരെ ലീഗ് സംസ്ഥാന കമ്മിറ്റി അന്വേഷണ വിധേയമായി സസ്പെൻഡ്‌ ചെയ്തു. ഇതേ വിഷയത്തിൽ ഡി.സി.സിയുടെ നിർദേശത്തിന് എതിരായി പ്രവർത്തിച്ചതിന് കെ.പി.സി.സി അംഗവും കളമശേരി നഗരസഭ കൗൺസിലറും ജില്ലാ പ്ലാനിംഗ് ബോർഡ് അംഗവുമായ ജമാൽ മണക്കാടന് കെ.പി.സി.സി കാരണം കാണിക്കൽ നോട്ടീസ് നൽകി. 7 ദിവസത്തിനകം മറുപടി നൽകണം.

കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുമുതൽ മണ്ഡലത്തിൽ ലീഗും കോൺഗ്രസും കോൺഗ്രസിനുള്ളിലെ രണ്ടുഗ്രൂപ്പുകളും തമ്മിൽ പരസ്പരമുള്ള പടലപ്പിണക്കങ്ങൾ മറനീക്കി പുറത്തു വന്നിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ ഇബ്രാഹിം കുഞ്ഞിന്റെ മകൻ സ്ഥാനാർത്ഥിയായതോടെ ലീഗിനുള്ളിലും പൊട്ടിത്തെറിയാകുകയും വിമത കൺവെൻഷൻ അടക്കമുള്ള എതിർ പ്രചാരണ പ്രവർത്തനങ്ങളും ഒരു വിഭാഗം ലീഗ് വിട്ട് സി.പി.എമ്മിൽ ചേരുകയും ചെയ്തു. ഇcപ്പാൾ ലീഗ് വീണ്ടും കോൺഗ്രസുമായി സഹകരിക്കില്ലെന്ന നിലപാടെടുത്തിരിക്കുകയാണ്. ഡി.സി.സിക്കും സംസ്ഥാന നേതൃത്വത്തിനും ഇരുകൂട്ടരും പരാതി നൽകിയിരിക്കുകയാണ്.

സയൻസ് പാർക്കിലെ കമ്മിറ്റിയിൽ ബി.ജെ.പി.കൗൺസിലറെ ഉൾപ്പെടുത്തിയതിൽ ലീഗിന് നീരസമുണ്ട്. ലീഗിനെ തഴഞ്ഞെന്നാണ് പരാതി. വൈസ് ചെയർപേഴ്‌സൺ കമ്മിറ്റിയിലുണ്ടെന്നും ലീഗിന്റെ പ്രതിനിധിയാണെന്നും മറുപക്ഷം ചൂണ്ടിക്കാണിക്കുന്നു. കമ്മിറ്റിയിൽ എല്ലാ പാർട്ടികളുടെയും പ്രതിനിധികളുണ്ടെന്നും വ്യക്തമാക്കി.

തൃക്കാക്കര മണ്ഡലത്തിൽ പി.സി.തോമസിന്റെ നിര്യാണത്തെ തുടർന്ന് നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിൽ കളമശേരി മണ്ഡലത്തോട് ചേർന്നു കിടക്കുന്ന പ്രദേശമായതിനാൽ യു.ഡി.എഫിലെ വിഭാഗീയത മുന്നണിക്ക് ദോഷം ചെയ്യുമെന്ന് ഗ്രൂപ്പ് താത്പര്യമില്ലാത്ത നേതാക്കൾ പറഞ്ഞു.