 
കുറുപ്പംപടി: രായമംഗലം ഗ്രാമപഞ്ചായത്തിലെ കുറുപ്പംപടി ബസ്‌സ്റ്റാൻഡിൽ ദിനംപ്രതി നിരവധി ആളുകൾ വന്നു പോകുന്ന വെയ്റ്റിംഗ് ഷെഡിന്റെ അവസ്ഥ ശോചനീയമായി തുടരുന്നു. എന്നാൽ ബസ് സ്റ്റാൻഡിന്റെ തെക്കുവശത്ത് പൊലീസ് സ്റ്റേഷന് മുൻവശത്ത് ഉപയോഗശൂന്യമായി കിടക്കുന്ന വെയിറ്റിംഗ് ഷെഡ് നവീകരിച്ച് റെഡിയാക്കിയിട്ടുമുണ്ട്. ഇതിനുമുന്നിലൂടെ ബസ് വരുന്നുമില്ല. ടാക്സി സ്റ്റാൻഡിലെ ഡ്രൈവർമാരും പൊലീസ് സ്റ്റേഷനിൽ വരുന്നവരും ഇവിടം വിശ്രമകേന്ദ്രമാക്കിയിരിക്കുകയാണ്.
അതേസമയം ദിനംപ്രതി ധാരാളം ആളുകൾ വന്നുപോകുന്ന വെയിറ്റിംഗ് ഷെഡ് ഇപ്പോഴും ചോർന്നൊലിക്കുന്ന അവസ്ഥയിലാണ്. തകരഷീറ്റുകൾ ദ്രവിച്ച് താഴെ വീഴാറായ അവസ്ഥയാണ്. ഇരുമ്പ് കമ്പികൾ ഏതുനിമിഷവും നിലംപതിക്കാവുന്ന നിലയിലും.
കുറുപ്പംപടി ബസ് സ്റ്റാൻഡിലെ രണ്ടു വെയ്റ്റിംഗ് ഷെഡുകൾ നവീകരണം നടത്തുന്നത് രണ്ട് സ്വകാര്യ സ്ഥാപനങ്ങളുടെ സ്പോൺസർഷിപ്പോടു കൂടിയാണ്. പൊലീസ് സ്റ്റേഷനു സമീപമുള്ള വെയിറ്റിംഗ് ഷെഡ് നവീകരിച്ചത് ഒരുസ്വകാര്യസ്ഥാപനമാണ്. പ്രധാന വെയിറ്റിംഗ് ഷെഡിന്റെ നവീകരണം ഉടനടി നടത്തുമെന്നാണ് അതുമായി ബന്ധപ്പെട്ട സ്വകാര്യസ്ഥാപനത്തിന്റെ അധികൃതർ അറിയിച്ചിരിക്കുന്നത്.
എൻ.പി. അജയകുമാർ, പ്രസിഡന്റ്,
രായമംഗലം ഗ്രാമപഞ്ചായത്ത്.