
ആലുവ: സംസ്ഥാനത്ത് ആദ്യമായി എറണാകുളം ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഹീമോഫീലിയ രോഗികൾക്ക് സൗജന്യമായി മരുന്നുകൾ നൽകുന്ന പദ്ധതി തയ്യറായി. 18 വയസ്സിന് മുകളിലുള്ള ഹീമോഫീലിയ രോഗികളിൽ രക്തസ്രാവമുള്ളവർ, അംഗവൈകല്യമുള്ളവർ എന്നിവരിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ടവർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. കൂടാതെ ഹീമോഫീലിയ രോഗികളിൽ അഞ്ചു വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ലോകത്തിലെ തന്നെ ഏറ്റവും ആധുനികമായ പ്രതിരോധ കുത്തിവയ്പായ എമിസിസുമാബ് നൽകാനും പദ്ധതിയായി. 60,000 രൂപ ചെലവ് വരുന്ന തൊലിക്കടിയിൽ നൽകുന്ന ഇൻസുലിൻ പോലുള്ള കുത്തിവയ്പാണിത്. 1.2 കോടി രൂപയാണ് പദ്ധതിക്കായി ജില്ലാപഞ്ചായത്ത് വിനിയോഗിക്കുന്നത്.
18 വയസിന് താഴെയുള്ള ഹീമോഫീലിയ രോഗികൾക്ക് മരുന്നുകൾ സൗജന്യമായി നൽകുന്ന പദ്ധതിയും 2015 ൽ സംസ്ഥാനത്ത് ആദ്യം ആരംഭിച്ചത് എറണാകുളം ജില്ലാ പഞ്ചായത്താണ്. കഴിഞ്ഞവർഷം മുതൽ സംസ്ഥാന സർക്കാർ പദ്ധതി ഏറ്റെടുത്തു മറ്റ് ജില്ലകളിൽ കൂടി വ്യാപിപ്പിച്ചു. ശരീരത്തിൽ രക്തം കട്ടപിടിക്കാതെ രക്തസ്രാവമുണ്ടാകുന്ന അവസ്ഥയാണ് ഹീമോഫീലിയ. ഇത്തരത്തിൽ സന്ധികളിൽ ഉണ്ടാകുന്ന രക്തസ്രാവം വികലാംഗത്വത്തിന് കാരണമാകും.
ജില്ല ആശുപത്രിയിൽ പ്രവർത്തിക്കുന്ന ഹീമോഫീലിയ ട്രീറ്റ്‌മെൻറ് സെന്ററിന്റെ എട്ടാമത് വാർഷികത്തിൽ അൻവർസാദത്ത് എം.എൽ.എ പദ്ധതി പ്രഖ്യാപിച്ചു. കേക്ക് മുറിച്ച് മൂന്നര വയസുകാരൻ ജോൺ മരിയ ഡൊമനിക്കിന് നൽകി ഉദ്ഘാടനം നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് അദ്ധ്യക്ഷത വഹിച്ചു. സൗജന്യ സേവനം നടത്തുന്ന ഡോ. നീരജ് സിദ്ധാർത്ഥനെ ആദരിച്ചു. ഡോ.എൻ. വിജയകുമാർ, ഡോ.നീരജ് സിദ്ധാർത്ഥ്, ഹീമോഫീലിയ അങ്കമാലി ചാപ്റ്റർ സെക്രട്ടറി കെ. പ്രഭാകരൻ എന്നിവർ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.ജെ. ജോമി സ്വാഗതവും ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. പ്രസന്നകുമാരി നന്ദിയും പറഞ്ഞു.