കൊച്ചി: എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ കണ്ടെത്തിയ തമിഴ്‌നാട് സ്വദേശിനികളായ പെൺകുട്ടികളെ സുരക്ഷിതമായി മാതാപിതാക്കൾക്ക് കൈമാറിയതായി എറണാകുളം റെയിൽവേ ചൈൽഡ്‌ലൈൻ അറിയിച്ചു. റെയിൽവേ ചൈൽഡ് ലൈൻ പ്രവർത്തകരായ അഞ്ജന മഹേശൻ, ലിസി ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ കഴിഞ്ഞ സെപ്തംബറിലാണ് കുട്ടികളെ കണ്ടെത്തിയത്. സഹോദരിമാരായ ഇരുവരും വീട്ടിൽ നിന്ന് വഴക്കിട്ട് ഇറങ്ങിയണെന്ന് മൊഴി നൽകി. ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം കുട്ടികളെ കാക്കനാട് ഗേൾസ് ഹോമിൽ താത്ക്കാലികമായി പാർപ്പിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് ജില്ലാ ശിശുസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ സ്‌പെഷ്യൽ ജുവനൈൽ പൊലീസ് ഓഫീസർമാരായ ബാബു, ഷൈനി, സുനിത, റെയിൽവേ ചൈൽഡ് ലൈൻ പ്രവർത്തകരായ ചിഞ്ചു ദേവസി, നിക്‌സി രാജു എന്നിവർ പെൺകുട്ടികളെ വില്ലുപുരം ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ സാന്നിദ്ധ്യത്തിൽ മാതാപിതാക്കൾക്ക് കൈമാറിയത്.