
പുതുതായി 1,011 സംരംഭക യൂണിറ്റുകൾ
തൃക്കാക്കര: കൊവിഡ് പ്രതിസന്ധിയിൽ ഉലയാതെ സംരംഭകർക്ക് പിന്തുണയുമായി എറണാകുളം ജില്ലാ വ്യവസായ കേന്ദ്രം. ഈ സാമ്പത്തികവർഷം ജില്ലയിൽ പുതിയതായി 1011 സംരംഭക യൂണിറ്റുകൾ ആരംഭിച്ചു. 173.6613 കോടി രൂപ നിക്ഷേപം ഉണ്ടാക്കുകയും 4,615 തൊഴിലവസരങ്ങളും ഇതുവഴി സൃഷ്ടിച്ചു. സൂക്ഷ്മ ചെറുകിട സംരംഭകർക്ക് പ്രാധാന്യം നൽകിയാണ് പദ്ധതികൾ ആവിഷ്കരിച്ചത്. കൊവിഡ് കാലത്ത് മേഖലയുടെ പുനരുദ്ധാരണത്തിനായി സർക്കാർ പ്രഖ്യാപിച്ച വ്യവസായ ഭദ്രതാപദ്ധതിയിലൂടെ 12 ലക്ഷം രൂപ 77 സംരംഭകർക്ക് നൽകി. സംരംഭകത്വ സഹായ പദ്ധതിയിലൂടെ കൊവിഡ് പ്രതിസന്ധികൾക്കിടയിലും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ വ്യവസായ വകുപ്പിന് കഴിഞ്ഞു. പദ്ധതി വഴി 6.5 കോടി രൂപ 89 സംരംഭകർക്ക് വിതരണം ചെയ്തു. പ്രധാനമന്ത്രി തൊഴിൽദായക പദ്ധതി വഴി 132 സംരംഭകർക്ക് 329.35 ലക്ഷം രൂപയും കൈമാറി. ഭക്ഷ്യസംസ്കരണ സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിനായി പി. എം. എഫ്. എം. ഇ പദ്ധതി വഴി ധനസഹായം നൽകുന്നു .പദ്ധതിക്കായി ജില്ലയിൽ നിന്നും 34 അപേക്ഷകൾ ലഭ്യമായിട്ടുണ്ട്. 5 വർഷ കാലയളവിലാണ് പദ്ധതി നടപ്പിലാക്കുന്നത്.