മൂവാറ്റുപുഴ: മൂവാറ്റുപുഴയാറിന്റെ കൈവഴികളുടെ നീരൊഴുക്ക് സുഗമമാക്കാൻ ഓപ്പറേഷൻ വാഹിനി നടപ്പിലാക്കുന്നു. ജില്ലാ ഭരണകുടം, ജലവിഭവവകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ്, നഗരവികസന വകുപ്പ്, തൊഴിലുറപ്പ് പദ്ധതി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. കാലവർഷത്തിന് മുമ്പ് പദ്ധതി പൂർത്തികരിക്കും. കൈത്തോടുകളിൽ നിറഞ്ഞിരിക്കുന്ന എക്കൽമണ്ണ്, ചെളി, മറ്റ് അവശിഷ്ഠങ്ങൾ തുടങ്ങിയവ ആദ്യഘട്ടത്തിൽ നീക്കംചെയ്യും. തോടുകൾ കടന്നുപോകുന്ന പ്രദേശത്തെ തദ്ദേശസ്വയംഭരണ വകുപ്പിന്റെ സഹകരണത്തോടെ തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനം ഇതിനായി ഉപയോഗപ്പെടുത്താനാണ് തീരുമാനം.
ഓപ്പറേഷൻ വാഹിനി ' പദ്ധതിയിലുൾപ്പെടുത്തിയാണ് എക്കൽ നിർമ്മാർജ്ജനം നടത്തുവാൻ ഉദ്ദേശിക്കുന്നത്. കെ.ഇ.ആർ.ഐയുടെ നേതൃത്വത്തിൽ കല്ലടയാർ, മണിമലയാർ, പമ്പയാർ, മീനച്ചിലാർ, മൂവാറ്റുപുഴയാർ എന്നീ ആറുകളിലെ എക്കൽ നീക്കംചെയ്യും. മൂവാറ്റുപുഴയാർ, കാളിയാർ, കോതയാർ, തൊടുപുഴയാർ, ഇത്തിക്കരയാർ, വടയാർ എന്നീ ആറുകളുടെ എല്ലാ കൈതോടുകളും നവീകരിക്കും. ഇതിന്റെ ഭാഗമായി പ്രധാന തോടുകളിലും, കൈത്തോടുകളിലും പുഴകളുടെ സമീപത്തും അടിഞ്ഞുകൂടിയിട്ടുള്ള മൺകൂനകളും മാലിന്യങ്ങളും നീക്കംചെയ്ത് സംരക്ഷിക്കും. തോടുകളും കൈത്തോടുകളും പഞ്ചായത്തുകളുടെ സഹായത്തോടെയാണ് മാലിന്യം നീക്കംചെയ്ത് സംരക്ഷിക്കുന്നത്. മുളകൾവച്ചുപിടിപ്പിച്ച് സംരക്ഷിക്കേണ്ടവയ്ക്കും പ്രാധാന്യംനൽകും. ഇതോടെ പുഴയുടെയും പുഴയിലേയ്ക്ക് ഓഴുകിയെത്തുന്ന കൈത്തോടുകളിലേയും നീരൊഴുക്ക് സുഗമമാകും.
മൂവാറ്റുപുഴയാറിന്റെ കൈവഴികളായി ഒഴുകുന്ന പലതോടുകളും ഇന്ന് അനധികൃതമായി കൈയേറിയതിനൊടൊപ്പം മാലിന്യം നിറഞ്ഞുകവിഞ്ഞുമാണ് കിടക്കുന്നത്. കൈയേറ്റം ഒഴിപ്പിച്ച് തോടുകൾ വൃത്തിയാക്കി സംരക്ഷിക്കപ്പെടുകയാണ് ലക്ഷ്യം.