കളമശേരി: കൊച്ചിൻ കാൻസർ റിസർച്ച് സെന്റർ നിർമ്മാണം നല്ലരീതിയിൽ പുരോഗമിക്കുന്നതായി ഡയറക്ടർ ഡോ.പി. ജി ബാലഗോപാൽ പറഞ്ഞു. 40 ശതമാനം പ്രവർത്തനങ്ങൾ പൂർത്തിയായി. ദിവസം മുന്നൂറിൽപ്പരം തൊഴിലാളികൾ അവിടെ പണിയെടുക്കുന്നുണ്ട്. കഴിഞ്ഞ ജനുവരിയിൽ ആയിരുന്നു നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയത്. കാൻസർ സെന്ററിൽ സോളാർ വൈദ്യുതപാനൽ സ്ഥാപിക്കുന്നതിന് സിയാലിന്റെ സഹായം തേടിയതായും ഡയറക്ടർ പറഞ്ഞു. ഏതാണ്ട് 45,000 ചതുരശ്ര അടി സ്ഥലത്ത് കെട്ടിടത്തിന് മുകളിൽ പാനൽ സ്ഥാപിക്കാനാണ് തീരുമാനം. ഇതിൽനിന്നും ഉദ്ദേശം 750 യൂണിറ്റ് വൈദ്യുതി പ്രതിദിനം ഉത്പാദിപ്പിക്കാൻ സാധിക്കും. നാലുകോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. സിയാൽ എം.ഡിയും കാൻസർ സെന്റർ സ്പെഷൽ ഓഫീസറുമായ എസ്.സുഹാസുമായി വിഷയം ചർച്ച ചെയ്തതായി ഡയറക്ടർ പറഞ്ഞു.