കിഴക്കമ്പലം: കുന്നത്തുനാട് പൊലീസ് സ്റ്റേഷൻ പരിധിയിൽവരുന്ന വിവിധ മേഖലകളിൽ നടത്തിയ രാത്രികാല പരിശോധനയിൽ അനധികൃതമായി മണ്ണെടുപ്പ് നടത്തിയ മണ്ണുമാന്തി യന്ത്രവും ലോറികളും പിടിച്ചെടുത്തു. മൂണേലിമുകൾ, പടിഞ്ഞാറെ മോറക്കാല എന്നിവിടങ്ങളിലാണ് പൊലീസ് പരിശോധന നടത്തിയത്. അർദ്ധരാത്രിക്കുശേഷം പുലർച്ചെവരെ അനധികൃതമായുള്ള മണ്ണെടുപ്പ് നടക്കുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്നായിരുന്നു പരിശോധന. പരിശോധന തുടരുമെന്ന് എസ്.എച്ച്.ഒ വി.ടി. ഷാജൻ പറഞ്ഞു. പിടിച്ചെടുത്ത വാഹനങ്ങൾ നടപടികൾക്കായി ജില്ലാ കളക്ടർക്ക് കൈമാറി.