കൊച്ചി: കിഴക്കമ്പലത്ത് സി.പി.എം പ്രവർത്തകരുടെ മർദ്ദനമേറ്റു മരിച്ച സി.കെ. ദീപുവിന്റെ മാതാപിതാക്കളായ കുഞ്ഞാറു, കാർത്തു എന്നിവരുടെ സംരക്ഷണം ട്വന്റി 20 ഏറ്റെടുത്തതായി ചീഫ് കോഓർഡിനേറ്റർ സാബു എം. ജേക്കബ് അറിയിച്ചു.
ദീപുവിന്റെ അച്ഛൻ കുഞ്ഞാറുവിന്റെ ശസ്ത്രക്രിയയും നടത്തിക്കൊടുക്കും. നിലവിൽ ജീവിക്കുന്നതിന്റെ നൂറിരട്ടി നന്നായും സന്തോഷമായും ജീവിക്കാൻ സാഹചര്യമൊരുക്കുമെന്ന് പാവുങ്ങപ്പറമ്പ് പാറപ്പുറം കോളനിയിലെ വീട്ടിലെത്തിയാണ് സാബു എം. ജേക്കബ് അറിയിച്ചത്.
ദീപുവിന്റെ പേരിൽ പിരിവ് നടത്തുകയോ സ്‌മാരകമണ്ഡപം പണിയുകയോ ചെയ്യില്ല. രക്തസാക്ഷികൾക്ക് സ്‌മാരകം നിർമ്മിക്കാനെന്ന പേരിൽ കോടികൾ പിരിച്ച് അഴിമതിയും തട്ടിപ്പും നടത്തുന്ന പാർട്ടികളുടെ ശൈലി സ്വീകരിക്കില്ല.
മകന്റെ പേരുവിളിച്ച് കണ്ണീരോടെയാണ് കുഞ്ഞാറുവും കാർത്തുവും ട്വന്റി 20യുടെ പ്രഖ്യാപനം സ്വീകരിച്ചത്. ദീപുവിന്റെ സഹോദരി ദീപയും വീട്ടിലുണ്ടായിരുന്നു.
ഭീഷണിപ്പെടുത്തി, കൊന്നു: കുഞ്ഞാറു
മകനെ സി.പി.എമ്മുകാർ കൊന്നതാണെന്ന് കുഞ്ഞാറു ആവർത്തിച്ചു. കൊല്ലുമെന്ന് അവർ ഭീഷണിപ്പെടുത്തിയിരുന്നു. കൊല്ലാൻ തന്നെയാണ് മർദ്ദിച്ചത്. മർദ്ദിച്ചത് താൻ കണ്ടു. ഭീഷണി മൂലമാണ് മർദ്ദനമേറ്റ ദിവസം ആശുപത്രിയിലേക്ക് മകനെ താൻ വിടാതിരുന്നതെന്നും കുഞ്ഞാറു പറഞ്ഞു.
കൊലക്കുറ്റത്തിന് കേസ്
തലയ്ക്കേറ്റ ക്ഷതമാണ് ദീപുവിന്റെ മരണകാരണമെന്ന പോസ്റ്റുമോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രതികൾക്കെതിരെ കുന്നത്തുനാട് പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. സി.പി.എം പ്രവർത്തകരായ സൈനുദ്ദീൻ, ബഷീർ, അബ്ദുൾ റഹ്മാൻ, അബ്ദുൾ അസീസ് എന്നിവരാണ് പ്രതികൾ.
ആയിരം പേർക്കെതിരെ കേസ്
ദീപുവിന്റെ സംസ്കാര ചടങ്ങുകളിൽ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് ട്വന്റി 20 ചീഫ് കോഓർഡിനേറ്റർ സാബു എം. ജേക്കബും നാല് പഞ്ചായത്ത് പ്രസിഡന്റുമാരും ഉൾപ്പെടെ 29 പേർക്കും കണ്ടാലറിയാവുന്ന ആയിരത്തോളം പേർക്കുമെതിരെ കുന്നത്തുനാട് പൊലീസ് കേസെടുത്തു. പൊലീസിന്റെ അനുമതിപ്രകാരമാണ് പൊതുദർശനം ഒരുക്കിയതെന്നും രാഷ്ട്രീയലക്ഷ്യത്തോടെയാണ് കേസെടുത്തതെന്നും സാബു എം. ജേക്കബ് പറഞ്ഞു.