
കോതമംഗലം: കൊവിഡ് ഭീതി അയഞ്ഞതോടെ ജില്ലയുടെ കിഴക്കൻമേഖലയിലെ ടൂറിസം കേന്ദ്രങ്ങൾ വീണ്ടും ഉഷാറിലേക്ക്. തട്ടേക്കാടും ഭൂതത്താൻകെട്ടും കുട്ടമ്പുഴയുമൊക്കെ വീണ്ടും സഞ്ചാരികളുടെ പറുദീസയായി തുടങ്ങി.
പൂയംകുട്ടി, മണികണ്ഠൻചാൽ ചപ്പാത്ത്, ആനക്കയം, ഇഞ്ചത്തൊട്ടി തൂക്കുപാലം, നേര്യമംഗലം ആർച്ച് പാലം, വടാട്ടുപാറ, തുണ്ടം എന്നിവിടങ്ങളിലും സഞ്ചാരികളുടെ ഒഴുക്കുതുടങ്ങിയതോടെ കച്ചവടക്കാരും ഹാപ്പിയായിട്ടുണ്ട്.
ആനവണ്ടിയേറി
ഭൂതത്താൻകെട്ടിലേക്ക്
ഭൂതത്താൻകെട്ടിലേക്ക് ഒരാഴ്ച മുമ്പാരംഭിച്ച കെ.എസ്.ആർ.ടി.സി പ്രത്യേക സർവീസിന് സഞ്ചാരികളിൽ നിന്ന് മികച്ച പ്രതികരണമുണ്ട്. ഇതോടെ ഭൂതത്താൻകെട്ടിലെ ബോട്ടിംഗ് മേഖലയും ഉണർവിന്റെ ഓളങ്ങളിലേറി. ഇന്നലെ പത്തോളം ബസുകൾ സർവീസ് നടത്തി.
ഭൂതത്താൻകെട്ടിൽ നിന്നാരംഭിച്ച് കുട്ടമ്പുഴ പോയി തട്ടേക്കാട് പാലത്തിന്റെ ഭാഗത്ത് സഞ്ചാരികളെ ഇറക്കുംവിധമാണ് സർവീസ്.
കൺനിറയെ കാണാം
കാനനഭംഗി
കാനനഭംഗിയാസ്വദിച്ച് പെരിയാറിലൂടെയുള്ള യാത്രയാണ് ഭൂതത്താൻകെട്ടിന്റെ മുഖ്യാകർഷണം. വന്യമൃഗങ്ങളെയും കാണാനാകും. 200 രൂപയാണ് നിരക്ക്. ഒരുമണിക്കൂറോളം ബോട്ട് സവാരി ആസ്വദിക്കാം.