
കൊച്ചി: കുരുന്നുകളെ അക്ഷരങ്ങളുടെ ലോകത്തേക്ക് കൈപിടിച്ചുയർത്തിയ അങ്കണവാടി ടീച്ചർമാർക്ക് ക്ഷേമനിധി ആനുകൂല്യം കിട്ടാക്കനിയാകുന്നു. നിവേദനങ്ങളേറെ നൽകിയിട്ടും ഉദ്യോഗസ്ഥരെ പലകുറി നേരിട്ടുകണ്ട് പരാതിപ്പെട്ടിട്ടും ഒരുവർഷത്തിലേറെയായി ആനുകൂല്യം കിട്ടുന്നില്ലെന്ന് വിരമിച്ച ടീച്ചർമാർ പറയുന്നു.
ക്ഷേമനിധി ആനുകൂല്യം മുടങ്ങാതെ നൽകണമെന്ന് കേരള അങ്കണവാടി സ്റ്റാഫ് അസോസിയേഷൻ (കെ.എ.എസ്.എ) ആവശ്യപ്പെടുന്നു. 2,500 രൂപയാണ് ടീച്ചർമാരുടെ പെൻഷൻ. ഹെൽപ്പർമാരുടേത് 1500 രൂപയും. ഇതിനൊപ്പം ക്ഷേമനിധി ആനുകൂല്യമായ 600 രൂപ കൂടി നൽകണമെന്നാണ് ആവശ്യം. 10 വർഷം സീനിയോറിറ്റിയുള്ള ജീവനക്കാർക്ക് 2,000 രൂപയും 10 വർഷത്തിൽ കുറവുള്ളവർക്ക് 1,000 രൂപയും പ്രത്യേക അലവൻസെന്ന ബഡ്‌ജറ്റ് പ്രഖ്യാപനവും വാഗ്ദാനത്തിൽ ഒതുങ്ങി.
₹26,000 കോടി വകമാറ്റി?
അങ്കണവാടി ജീവനക്കാരുടെ ക്ഷേമനിധിക്ക് രണ്ട് അക്കൗണ്ടുകളുണ്ട്. ഇതിൽ രണ്ടിലും കൂടി കെട്ടിക്കിടക്കുന്നത് 26,000 കോടി രൂപയാണ്. മറ്റ് ക്ഷേമനിധികളിൽ നിന്ന് വ്യത്യസ്തമായി അങ്കണവാടി ജീവനക്കാർ അടയ്ക്കുന്ന വിഹിതം ക്ഷേമനിധിക്കായി ട്രഷറിയിൽ ആരംഭിച്ച അക്കൗണ്ടിലേക്കാണ് പോകുന്നത്. ഇത് സർക്കാർ നേരിട്ട് നിയന്ത്രിക്കുന്ന അക്കൗണ്ട് ആയതിനാൽ ലഭിക്കുന്ന വിഹിതം സർക്കാരിന് വകമാറ്റാം. അത്തരത്തിൽ വകമാറ്റി ചെലവഴിച്ചതു കൊണ്ടാണ് വിരമിച്ച ജീവനക്കാരുടെ ആനുകൂല്യം പോലും മുടങ്ങാൻ കാരണമെന്നാണ് ജീവനക്കാരുടെ പ്രതിപക്ഷ യൂണിയൻ ആരോപിക്കുന്നത്.
വേണം 3 കോടി
ക്ഷേമനിധിയിലേക്ക് സർക്കാർ നൽകുന്ന വിഹിതത്തിലും കുറവുണ്ടെന്ന ആക്ഷേപമുണ്ട്. കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് ജീവനക്കാർ അടയ്ക്കുന്ന അത്രതന്നെ വിഹിതം സർക്കാർ അടച്ചിരുന്നു. എൽ.ഡി.എഫ് സർക്കാറിന്റെ കാലം മുതൽ ജീവനക്കാരുടെ വിഹിതത്തിന്റെ 20 ശതമാനമേ സർക്കാർ അടയ്ക്കുന്നുള്ളൂ. വർക്കർമാർക്കും ഹെൽപ്പർമാർക്കും പെൻഷൻ നൽകാൻ ഒരുമാസം മൂന്നുകോടി രൂപ വേണം.
"ക്ഷേമനിധി ആനുകൂല്യം മുടങ്ങിയിട്ട് നാളേറെയായി. അധികൃതരെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല"
ത്രേസ്യ,
വിരമിച്ച അങ്കണവാടി ടീച്ചർ