
കൊച്ചി: ഷോപ്പുകളിൽ ബില്ലടിക്കാൻ വരിനിന്ന് ബുദ്ധിമുട്ടണ്ട. ഷോപ്പിംഗ് എളുപ്പമാക്കാൻ യുവസംരംഭകരായ മൂന്ന് യുവാക്കൾ ഒരുക്കിയ സാങ്കേതികവിദ്യ ടാറ്റാ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ബിഗ് ബാസ്‌കറ്റ് ഏറ്റെടുത്തു. എറണാകുളം കോലഞ്ചേരി സ്വദേശി അനൂപ് ബാലകൃഷ്ണൻ, മൂവാറ്റുപുഴ സ്വദേശി അരുൺ രവി, തൃശൂർ സ്വദേശി നിഖിൽ ധർമ്മൻ എന്നിവരുടെ ഉടമസ്ഥതയിലുള്ള അഗ്രിമ ഇൻഫോടെക്കാണ് സൈറ്റ് എന്ന സാങ്കേതികവിദ്യ വികസിപ്പിച്ചത്. കേരള സ്റ്റാർട്ടപ്പ് മിഷൻ ഇൻക്യുബേറ്ററായ അഗ്രിമ ഇൻഫോടെക് കൊച്ചി ആസ്ഥാനമായാണ് പ്രവർത്തിക്കുന്നത്. ബിഗ്ബാസ്‌കറ്റ് എല്ലാ റീട്ടെയിലർ സ്റ്റോറുകളിലെയും സെൽഫ് ചെക്കൗട്ട് കൗണ്ടറുകളിൽ ഇത് സ്ഥാപിക്കും. പച്ചക്കറി ഫലവർഗങ്ങൾ ബാർകോഡില്ലാതെ തന്നെ ചിത്രത്തിലൂടെ തിരിച്ചറിയാൻ സാധിക്കും. ഇതുവഴി സെൽഫ് ചെക്കൗട്ട് കൗണ്ടറുകളുള്ള റീട്ടെയിൽ ഷോപ്പുകൾക്ക് സുഗമമമായി പ്രവർത്തിക്കാൻ സാധിക്കും.
എന്താണ് സൈറ്റ്?
ബാർകോഡ് സ്‌കാൻ ചെയ്യാതെ പച്ചക്കറികളുടെയും പഴവർഗങ്ങളുടേയും തൂക്കവും വിലയും അതിവേഗം മനസിലാക്കി ബില്ലിംഗ് നടത്തുകയാണ് സൈറ്റ് ചെയ്യുന്നത്. സൂപ്പർമാർക്കറ്റുകളിൽ നിന്നും പഴങ്ങളും പച്ചക്കറികളും വാങ്ങുമ്പോൾ ആദ്യമേ തൂക്കം നോക്കി ബാർകോഡ് സ്റ്റിക്കർ ഒട്ടിച്ചാണ് കൗണ്ടറിൽ ബില്ലിംഗിനായി എത്തിക്കുന്നത്. 'സൈറ്റ് ' സംവിധാനമുള്ള സ്റ്റോറുകളിൽ ഇതാവശ്യമില്ല. തിരഞ്ഞെടുക്കുന്ന സാധനം കൗണ്ടറിലെ വെയിംഗ് മെഷീനിലെ വിഷൻ ടെക്‌നോളജി സംവിധാനം ഉപയോഗിച്ച് ഏതുതരം പച്ചക്കറിയാണ് അല്ലെങ്കിൽ പഴവർഗമാണ്, ഏത് വകഭേദമാണ്, തൂക്കം, വില എന്നിവ നിശ്ചയിച്ച് മെഷീനിൽ തെളിയും. യു.പി.ഐ ട്രാൻസാക്ഷനാണ് നടത്താൻ ഉദ്ദേശിക്കുന്നതെങ്കിൽ സ്‌ക്രീനിൽ തെളിയുന്ന ക്യൂ.ആർ കോഡിൽ സ്‌കാൻ ചെയ്ത് പണം അടച്ച് മടങ്ങാം. പണമാണ് നൽകുന്നതെങ്കിൽ കൗണ്ടറിലുള്ള കാഷ്യർക്ക് നൽകാം. പ്രത്യേക കാമറയുടെ സഹായത്തോടെ ഇമേജ് റെക്കഗ്‌നീഷൻ സംവിധാനമാണ് ഉപയോഗിക്കുന്നത്. ബിഗ്ബാസ്‌ക്കറ്റിന്റെ ബംഗളൂരുവിലുള്ള 8 സൂപ്പർമാർക്കറ്റുകളിലും സൈറ്റ് ഉപയോഗിച്ചുതുടങ്ങി. രണ്ടവർഷത്തിനുള്ളിൽ 400 ആക്കി വർദ്ധിപ്പിക്കാനാണ് ലക്ഷ്യം.
ഞങ്ങൾ ആരംഭിച്ച പാചക ആപ്ലിക്കേഷനായ റെസിപി ബുക്കിന് ശേഷമാണ് സൈറ്റ് ആരംഭിച്ചത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസും മെഷീൻ ലേണിംഗ് സംവിധാനവും സംയോജിപ്പിച്ചാണ് സാങ്കേതികവിദ്യ വികസിപ്പിച്ചത്. ഈ വൈദഗ്ദ്ധ്യം പരമാവധി ബിഗ്ബാസ്‌കറ്റ് ഉപയോഗിക്കും."
അനൂപ് ബാലകൃഷ്ണൻ
സി.ഇ.ഒ
അഗ്രിമ ഇൻഫോടെക്