lottery-stall

കൊച്ചി: സമ്മാനത്തുക രേഖപ്പെടുത്തുന്നത് ഫ്ലൂറസെന്റ് നിറത്തിലാക്കി, ആഴ്ചതോറും ഡിസൈനിൽ മാറ്റം വരുത്തി കേരള ലോട്ടറി പുതുമോടിയിൽ രംഗത്തിറക്കാൻ ലോട്ടറി വകുപ്പിന്റെ നീക്കം. പെട്ടെന്ന് തിരിച്ചറിയാൻ കഴിയും വിധം ഓരോ ദിവസവും പുറത്തിറക്കുന്ന ലോട്ടറിക്ക് പ്രത്യേക നിറവും നൽകും. തട്ടിപ്പ് തടയുകയും യുവാക്കളെ കൂടുതൽ ആകർഷിക്കുകയുമാണ് ലക്ഷ്യം. നിലവിലെ സുരക്ഷാ കോഡുകളും നമ്പരുകളുടെ ശൈലിയും മാറ്റമില്ലാതെ തുടരും. ട്രയൽ പ്രിന്റിംഗ് തുടങ്ങി.

തിരിച്ചറിയാൻ കഴിയാത്ത വിധം ലോട്ടറിയുടെ കളർ ഫോട്ടോസ്റ്റാറ്ര് ഉൾപ്പെടെ എടുത്ത് തട്ടിപ്പ് നടത്തുന്നത് തടയാനാണ് സമ്മാനത്തുക ഫ്ലൂറസെന്റ് നിറത്തിൽ രേഖപ്പെടുത്തുന്നത്. അന്താരാഷ്ട്ര ഓൺലൈൻ ലോട്ടറികളോട് യുവാക്കൾക്ക് പ്രിയം കൂടിവരുന്ന സാഹചര്യം നിലവിലുണ്ട്. അവരെക്കൂടി കേരള ലോട്ടറിയിലേക്ക് ആകർഷിക്കാനാണ് നിറവും ഡിസൈനും മാറ്റുന്നതിലൂടെ ലക്ഷ്യമിടുന്നത്. കാഴ്ചയില്ലാത്തവർക്കും തിരിച്ചറിയാൻ കഴിയുംവിധമാകും പുതിയ ഡിസൈൻ. ഓരോ ദിവസത്തെയും ലോട്ടറികൾക്ക് നിലവിൽ ഓരോ നിറമാണെങ്കിലും കാഴ്ചയിൽ ഏതാണ്ട് ഒരുപോലെ തോന്നിക്കുന്നു എന്ന പരാതിയുണ്ട്. അത് ഒഴിവാക്കാനാണ് പെട്ടെന്ന് തിരിച്ചറിയാനാവും വിധം വ്യത്യസ്ത നിറം നൽകുന്നത്.

ലോട്ടറിയുടെ കളറും ഡിസൈനും മാറ്റണമെന്ന ആശയം നേരത്തെ ഉണ്ടായിരുന്നു. ഫ്ലൂറസെന്റ് നിറം നൽകുന്നതിലൂടെ തട്ടിപ്പുകാരെ തടയാനാകും. ചർച്ചകളും ട്രയൽ പ്രിന്റിംഗും പുരോഗമിക്കുന്നു.

- എബ്രഹാം റെൻ, ഡയറക്ടർ, ലോട്ടറി വകുപ്പ്