
കൊച്ചി: പെരിയാറിലെ സുഗമമായ ഒഴുക്കിന് എറണാകുളം ജില്ലയിൽ തടസം നേരിടുന്നത് 621 സ്ഥലങ്ങളിലെന്ന് ജലസേചന വിഭാഗത്തിന്റെ കണ്ടെത്തൽ. മേജർ ഇറിഗേഷൻ, മൈനർ ഇറിഗേഷൻ എന്നീ വിഭാഗങ്ങളുടെ സംയുക്ത പഠനത്തിലാണ് കണ്ടെത്തിയത്. ഇതിൽ 404 തടസങ്ങൾ പെരിയാറിന്റെ കൈവഴികളായുള്ള ജലാശയങ്ങളിലാണ്.
കനാലുകളിൽ നിന്നും ചെറിയ നദികളിൽ നിന്നും തോടുകളിൽ നിന്നുമെല്ലാം വെള്ളം ഒഴുകി നീങ്ങേണ്ടയിടങ്ങളിലാണ് തടസങ്ങളേറെയും. സ്വാഭാവികമായുണ്ടായ ചെളിയടിഞ്ഞുള്ള തടസങ്ങളും നിർമ്മാണ പ്രവർത്തനങ്ങളിലെ അശാസ്ത്രീയത മൂലമുള്ള തടസങ്ങളും വ്യവസായശാലകളിൽ നിന്നുള്ള മാലിന്യമടിഞ്ഞുണ്ടായ തടസങ്ങളും ഉൾപ്പെടെയുള്ളവയാണ് കണ്ടെത്തിയിട്ടുള്ളത്.
ഇത് സംബന്ധിച്ച 1,400 പേജുള്ള റിപ്പോർട്ടാണ് ജലസേചന വിഭാഗം സർക്കാരിന് സമർപ്പിച്ചത്. ഏതെല്ലാം തരത്തിലുള്ള മാലിന്യമാണ് അടിഞ്ഞിട്ടുള്ളത്, ഓരോയിടങ്ങളിലും അടിഞ്ഞ മാലിന്യത്തിന്റെ തോത്, ഏത് തദ്ദേശ സ്ഥാപനം തുടങ്ങിയ വിശദവിവരങ്ങൾ റിപ്പോർട്ടിലുണ്ട്.
നാളെ തുടങ്ങും ഓപ്പറേഷൻ വാഹിനി
തടസങ്ങൾ നീക്കി ഒഴുക്ക് സുഗമമാക്കുന്നതിന് ജില്ലാഭരണകൂടം ഓപ്പറേഷൻ വാഹിനിയെന്ന പേരിൽ പദ്ധതി തയാറാക്കിയിട്ടുണ്ട്. ഉദ്ഘാടനം നാളെ മന്ത്രി പി. രാജീവ് നിർവ്വഹിക്കും. വരുന്ന കാലവർഷത്തിന് മുമ്പ് തോടുകളിലെ മാലിന്യങ്ങളും മറ്റ് നിക്ഷേപങ്ങളും നീക്കം ചെയ്ത് നീരൊഴുക്ക് സുഗമമാക്കുകയാണ് ലക്ഷ്യം. ജലസേചന വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, നഗരവികസന വകുപ്പ്, തൊഴിലുറപ്പ് പദ്ധതി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പദ്ധതി.
കൈത്തോടുകളിൽ നിറഞ്ഞിരിക്കുന്ന എക്കൽമണ്ണ്, ചെളി മറ്റ് അവശിഷ്ടങ്ങൾ എന്നിവയാണ് ആദ്യഘട്ടത്തിൽ നീക്കം ചെയ്യുക. തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനം ഇതിനായി പ്രയോജനപ്പെടുത്തും. ഓരോ തദ്ദേശസ്ഥാപനത്തിലും ഉൾപ്പെടുന്ന തോടുകളിലെ മാലിന്യത്തിന്റെ അളവ് ജലസേചന വകുപ്പിന്റെ നേതൃത്വത്തിൽ തിട്ടപ്പെടുത്തിയിട്ടുണ്ട്. ഇത് എത്ര നീക്കം ചെയ്യണമെന്ന നിർദ്ദേശവും വകുപ്പ് നൽകും.
ജില്ലയുടെ പടിഞ്ഞാറൻ മേഖലയിലെ തദ്ദേശസ്ഥാപനങ്ങളിൽ കായൽ മുഖങ്ങൾ തുറക്കുന്ന പ്രവർത്തികളും ഇതോടൊപ്പം പൂർത്തിയാക്കും. പുഴകളിൽ നിന്നും കായയിലേക്കുള്ള നീരൊഴുക്ക് സുഗമമാക്കുന്നതിനാണിത്.
പ്രധാന പുഴകളുടെ കൈവഴികളിൽ മാത്രമാണ് ഇപ്പോൾ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നത്. സർക്കാരിന്റെ നിർദ്ദേശ പ്രകാരമായിരിക്കും തടസങ്ങൾ നീക്കുക. കൂടുതൽ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാൻ തദ്ദേശ സ്ഥാപന മേധാവികൾ ഉൾപ്പെടെയുള്ളവരുടെ യോഗം ചേരും.
750- പെരിയാറിലും മൂവാറ്റുപുഴയാറിലുമായി കണ്ടെത്തിയ തടസങ്ങൾ
83- തടസങ്ങൾ ഉള്ളയിടങ്ങൾ ഉൾപ്പെട്ട തദ്ദേശ സ്ഥാപനങ്ങൾ