പറവൂർ: ദേശീയപാത 66 നിർമ്മാണത്തിനായി മുത്തകുന്നം മുതൽ ഇടപ്പിള്ളി വരെയുള്ള സ്ഥലം ഏറ്റെടുപ്പ് ഏപ്രിൽ പത്തിനകം പൂർത്തിയാക്കുമെന്ന് ജില്ലാകളക്ടർ ജാഫർ മാലിക് പറഞ്ഞു. നന്ത്യാട്ടുകുന്നത്ത് നിന്ന് നഗരത്തിലെ നമ്പൂരിയച്ചൻ ആലിന് സമീപത്തുള്ള നളന്ദ സിറ്റി സെന്ററിലേക്ക് മാറ്റിയ ഭൂമിയേറ്റെടുക്കൽ - സ്പെഷൽ ഡെപ്യൂട്ടി കളക്ടറുടെ ഓഫിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഓണത്തിന് മുമ്പ് റോഡ് നിർമ്മാണം ആരംഭിക്കാനാണ് തീരുമാനം. സാങ്കേതിക കാരണങ്ങൾ പറഞ്ഞ് നടപടികൾ വൈകിപ്പിക്കരുതെന്നും കൃത്യമായ രേഖകൾ നൽകിയവർക്ക് എത്രയും വേഗം പണം നൽകണമെന്ന് കളക്ടർ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

എട്ട് വില്ലേജുകളിലായി ഏറ്റെടുക്കേണ്ട 31 ഹെക്ടറിൽ 10 ഹെക്ടർ ഏറ്റെടുത്തു കഴിഞ്ഞു. ഭൂമി ഏറ്റെടുക്കുന്നതിന് പണം പ്രശ്നമല്ല. ദേശീയപാത അതോറിറ്റി 1,142 കോടി രൂപ അനുവദിച്ചിട്ടുണ്ട്. 400 കോടിയിലേറെ രൂപ കൈമാറിക്കഴിഞ്ഞു. ഡെപ്യൂട്ടി കലക്ടർ ഓഫിസിൽ നിന്ന് വിതരണം ചെയ്യുന്നതിന് അനുസരിച്ചാണ് ദേശീയപാത അതോറിറ്റി തുക ലഭ്യമാക്കുന്നത്.

രേഖകൾ കൈമാറാൻ ബാക്കിയുള്ളവർ അടുത്ത ദിവസങ്ങളിൽ നൽകണം. നൽകാത്തവരുടെ നഷ്ടപരിഹാരത്തുക മറ്റൊരു തുക അക്കൗണ്ടിൽ നിക്ഷേപിച്ച് സ്ഥലം ഏറ്റെടുക്കും. ജനങ്ങൾ സമരരംഗത്തുള്ള തിരുമുപ്പം മേഖലയിലും നഷ്ടപരിഹാരത്തുക വിതരണത്തിനുള്ള നടപടികളുമായി മുന്നോട്ടുപോകുകയാണ്. നിലവിലെ സാഹചര്യത്തിൽ അലൈൻമെന്റിൽ മാറ്റം വരാനുള്ള സാദ്ധ്യത കുറവാണ്. ഭൂമിയേറ്റെടുക്കൽ പൂർത്തിയായാലും ഡെപ്യൂട്ടി കളക്ടറുടെ കാര്യാലയമായി പറവൂരിൽ ഓഫീസ് പ്രവർത്തനം തുടരും. ജില്ലയിലെ മറ്റ് മൂന്ന് റോഡുകളുടെ സ്ഥലമേറ്റെടുപ്പ് ചുമതല കൂടി ഈ ഓഫിസിനുണ്ടെന്നും കളക്ടർ പറഞ്ഞു. 70 സർവേ നമ്പറുകളിലെ ഭൂമികളിലാണ് ചില പ്രശ്നങ്ങൾ നിലനിൽക്കുന്നതെന്ന് ഡപ്യൂട്ടി കളക്ടർ ജില്ലാ കളക്ടറെ അറിയിച്ചു. ഇടപ്പിള്ളി - കൊടുങ്ങല്ലൂർ റീച്ചിൽ റോഡ് നിർമ്മാണത്തിന് കരാർ ഏറ്റെടുത്ത കമ്പനി നിർമ്മാണ സാമഗ്രികൾ സൂക്ഷിക്കാൻ സ്ഥലം അന്വേഷിക്കുന്നുണ്ട്. ഡെപ്യൂട്ടി കളക്ടർമാരായ പി. ജയകുമാർ, സുനിലാൽ, തഹസിൽദാർമാരായ സരിത പ്രഭാകർ, വി. പത്മജ എന്നിവർ പങ്കെടുത്തു.