മട്ടാഞ്ചേരി: പടിഞ്ഞാറൻ കൊച്ചിയിൽ വൈറൽപ്പനിക്കൊപ്പം എലിപ്പനിയും ഡെങ്കിയും പിടിമുറുക്കുന്നു. കൊച്ചി നഗരസഭാ ഡിവിഷനുകളിലും ചെല്ലാനം, കുമ്പളങ്ങി പഞ്ചായത്തുകളിലുമാണ് പനി ആശങ്ക പരത്തുന്നത്. കൊവിഡ് കണക്കുകൾ കുറയാതെ നിൽക്കുന്ന സാഹചര്യത്തിൽ ആശങ്ക ഇരട്ടിയാവുകയാണ്. മലിന ജലം കെട്ടിക്കിടക്കുന്നതിനാൽ ഡെങ്കിപ്പനി പ്രതിദിനമെന്നോണം വർദ്ധിക്കുന്നുണ്ട്.

കഴിഞ്ഞ ആഴ്ച്ചയിൽ പശ്ചിമകൊച്ചിയിൽ എലിപ്പനിയും റിപ്പോർട്ട് ചെയ്തതോടെ ജനംഭീതിയിലായി. കരുവേലിപ്പടി മഹാരാജാസ് സർക്കാർ ആശുപത്രിയിലാണ് എലിപ്പനിയുമായി രണ്ടു പേർ ചികിത്സയിലുള്ളത്.കുമ്പളങ്ങി മേഖലയിൽ നിന്നാണിത് റിപ്പോർട്ട് ചെയ്തതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

സ്വകാര്യ ആശുപത്രിയിലും എലിപ്പനി ലക്ഷണവുമായി രോഗികൾ ചികിത്സയിലുണ്ട്. പനി, ശരീരവേദന, പേശി വേദന ,കണ്ണ് ചുമക്കുക, മരവിപ്പ് തുടങ്ങിയവയാണ് പനി ലക്ഷണങ്ങൾ. കൃത്യമായ സമയത്ത് ചികിത്സ ലഭ്യമായില്ലെങ്കിൽ പെട്ടെന്ന് ശരീരികാവയവങ്ങളുടെ പ്രവർത്തനത്തെ ബാധിച്ച് മരണത്തിനിടയാക്കും. ഫോർട്ടുകൊച്ചി ,മട്ടാഞ്ചേരി ,മുണ്ടംവേലി ,തോപ്പുംപടി മേഖലയിലാണ് ഡെങ്കിപ്പനി കണ്ടെത്തിയത്. ഡെങ്കിപ്പനി ലക്ഷണങ്ങളുമായി സർക്കാർ, സ്വകാര്യ ആശുപത്രികളിലായി 30 ഓളംപേർ ചികിത്സയിലുണ്ട്. വൈറൽപ്പനിക്ക് സമാനമായ ലക്ഷണങ്ങളാണിവ യുടെതെന്നതിനാൽ ജനംസ്വയംചികിത്സ നടത്തുന്നത് അപകടകരമാണ്. വൈറൽ പനിക്കൊപ്പം ഡെങ്കിപ്പനിയും റിപ്പോർട്ട് ചെയ്യുന്നുണ്ട്. ബോധവത്കരണ പ്രവർത്തനങ്ങളുമായി ആരോഗ്യ പ്രവർത്തകർ രംഗത്തുണ്ട്.