
പാർക്കിംഗ് ഏരിയയിൽ അനധികൃത നിർമ്മാണം
നടപടിയെടുക്കാത്തതിൽ പ്രതിഷേധവുമായി കൗൺസിലർ
പറവൂർ: നഗരത്തിലെ സ്വകാര്യ ബാർ ഹോട്ടലിന്റെ പാർക്കിംഗ് ഏരിയയിലെ അനധികൃത നിർമ്മാണം തടയാൻ കാലതാമസം വരുത്തുന്നതിൽ പ്രതിഷേധിച്ച് ചെയർപേഴ്സണിന്റെ ഓഫീസിന് മുന്നിൽ നഗരസഭാ കൗൺസിലർ കുത്തിയിരുന്നു. സ്വതന്ത്ര അംഗം ജോബി പഞ്ഞിക്കാരനാണ് ഏകാംഗസമരം നടത്തിയത്.
നിർമ്മാണത്തെക്കുറിച്ച് മാസങ്ങൾക്കുമുമ്പ് കൗൺസിൽ യോഗത്തിൽ ജോബി ചോദ്യം ഉന്നയിച്ചിരുന്നു. അനധികൃത നിർമ്മാണമാണെന്നും പൊളിക്കാൻ നടപടിയെടുക്കുമെന്നും മറുപടി ലഭിച്ചെങ്കിലും തുടർനടപടിയുണ്ടായില്ല. ഇതിനിടയിൽ ഫയലും കാണാതായി. അതോടെ, നിർമ്മാണം പൊളിക്കുന്നത് തടഞ്ഞുകൊണ്ടുള്ള താൽക്കാലിക സ്റ്റേ ഹോട്ടലുടമ കോടതിയിൽ നിന്ന് വാങ്ങി. ഇതിന് പിന്നിൽ ഭരണപക്ഷത്തിന്റെയും ഉദ്യോഗസ്ഥരുടെയും ഒത്താശയും ഉണ്ടായിരുന്നതായി ജോബി ആരോപിച്ചു. ലൈസൻസില്ലാതെ വ്യാപാരം നടത്തുന്നത് നഗരസഭയ്ക്ക് തടയാമ. ഇതിൽ അടിയന്തര നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.