
കൊച്ചി: രണ്ടുവർഷത്തിന് ശേഷം സ്കൂളുകളിൽ പ്രാർത്ഥനാഗീതങ്ങൾ മുഴങ്ങി. കളിയും ചിരിയും കലമ്പലുമായി മുഴുവൻ കുട്ടികളും എത്തിയതോടെ സ്കൂളുകൾ പഴയ സ്ഥിതിയിലേക്ക് മടങ്ങിയെത്തി. ഇന്നലെ മുതൽ മുഴുവൻ കുട്ടികളേയും ഉൾപ്പെടുത്തി വൈകുന്നേരം വരെ ക്ലാസുകൾ നടത്തി. പല സ്കൂളുകളിലും പ്രവേശനോത്സവത്തിന്റെ മാതൃകയിലാണ് സ്കൂളുകൾ ആരംഭിച്ചത്.
കടുത്ത ജാഗ്രതയിലാണ് ക്ലാസുകൾ നടത്തുന്നത്. വിദ്യാഭ്യാസ വകുപ്പ് സ്കൂളുകൾക്ക് നൽകിയ നിർദ്ദേശങ്ങൾ പാലിച്ചായിരുന്നു ഒരുക്കങ്ങൾ. സാമൂഹികാകലം പാലിച്ചാണ് കുട്ടികളുടെ ഇരിപ്പിടങ്ങൾ ക്രമീകരിച്ചത്. യൂണിഫോമും ഹാജറും നിർബന്ധമല്ല. സി.ബി.എസ്.ഇ സ്കൂളുകളും തുറന്ന് പ്രവർത്തിക്കണമെന്നാണ് നിർദ്ദേശം.
സ്കൂളുകളിലേക്ക് എത്താൻ ബുദ്ധിമുട്ടുള്ള കുട്ടികൾക്കായി ഓൺലൈൻ പഠനം തുടരും. ഒന്ന് മുതൽ ഒമ്പതാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് മാർച്ചുവരെ ക്ലാസുകളുണ്ടാകും. ഏപ്രിലിലായിരിക്കും വാർഷിക പരീക്ഷ. 10,12 ക്ലാസുകൾ ഈമാസം അവസാനത്തോടെ തീർക്കും. പിന്നീട് റിവിഷനുള്ള സമയം നൽകി മോഡൽ പരീക്ഷ നടത്തും. പൊതുവിദ്യാഭ്യാസ, ആരോഗ്യ, ഗതാഗത, തദ്ദേശ ഭരണ, ആഭ്യന്തര വകുപ്പുകളുടെ ഏകോപനത്തോടെയാണ് സ്കൂളുകൾ പൂർണതോതിൽ പ്രവർത്തനമാരംഭിക്കുന്നത്. സംസ്ഥാനത്തെ സി.ബി.എസ്.ഇ സ്കൂളുകളും ഐ.സി.എസ്.ഇ സ്കൂളുകളും സർക്കാർ മാനദണ്ഡങ്ങൾ അനുസരിച്ചായിരിക്കും പ്രവർത്തിക്കുക.
ജില്ലയിൽ വിദ്യാർത്ഥികൾക്ക് വേണ്ട സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയാണ് ക്ലാസുകൾ ആരംഭിച്ചത്. വായു സഞ്ചാരമുള്ള ക്ലാസുകളിലാണ് കുട്ടികളെ പഠിപ്പിക്കുന്നത്. നൂറോളം അദ്ധ്യാപകർ വാക്സിൻ എടുക്കാനുണ്ട്. ശാരീരിക ബുദ്ധിമുട്ടുകളും അസുഖങ്ങളുമുള്ളവരാണ് ഇവർ.
ഹണി ജി. അലക്സാണ്ടർ
ജില്ലാ വിദ്യാഭ്യാസ
ഡപ്യൂട്ടി ഡയറക്ടർ
ജില്ലയിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ വാക്സിൻ എടുത്ത വിദ്യാർത്ഥികൾ കുറവാണ്. എല്ലാകുട്ടികൾക്കും ഉടൻ വാക്സിൻ നൽകും.
കെ. ശകുന്തള
എറണാകുളം റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ