
പറവൂർ: ഭൂമി തരംമാറ്റാൻ കഴിയാത്തതിൽ മനംനൊന്ത് മാല്യങ്കര സ്വദേശി സജീവൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നരഹത്യയ്ക്ക് കേസെടുക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു. ലാൻഡ് റവന്യൂ ജോയിന്റ് കമ്മിഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഫോർട്ട്കൊച്ചി ആർ.ഡി.ഒ ഓഫിസിലെ മുൻ ജൂനിയർ സൂപ്രണ്ട് അടക്കം ആറ് ജീവനക്കാരെ കഴിഞ്ഞദിവസം സസ്പെൻഡ് ചെയ്തിരുന്നു. സജീവന്റെ അപേക്ഷയിൽ നടപടി സ്വീകരിക്കാൻ ഓരോ സെക്ഷനിലും അകാരണമായ കാലതാമസമുണ്ടായെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. നിയമപരമായ ശിക്ഷ നൽകണം. നീതി ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മിഷനിൽ ഉൾപ്പെടെ സജീവന്റെ കുടുംബം പരാതി നൽകിയിട്ടുണ്ട്.