fg

കൊച്ചി: ഇന്ത്യയിലെയും സിംഗപ്പൂരിലെയും ഇന്റർനെറ്റ് ഹബ്ബുകളുമായി ബന്ധിപ്പിച്ച് കടലിനടിയിലൂടെ റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡ് സ്ഥാപിക്കുന്ന അടുത്ത തലമുറ മൾട്ടിടെറാബിറ്റ് ഇന്ത്യ ഏഷ്യ എക്‌സ്‌പ്രസ് (ഐ.എ.എക്സ്) കേബിളിനെ മാലദ്വീപുമായും ബന്ധിപ്പിക്കും. മാലദ്വീപ് സർക്കാരിന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ള ഓഷ്യൻ കണക്ട് മാലിദ്വീപ് ലിമിറ്റഡുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്.

ഇന്ത്യയെയും യൂറോപ്പിനെയും തെക്കുകിഴക്കൻ ഏഷ്യയെയും മാലിദ്വീപിനെയും ബന്ധിപ്പിക്കുന്ന പദ്ധതി 2023 അവസാനം പൂർത്തിയാക്കും. പടിഞ്ഞാറൻ മുംബയിൽ ആരംഭിച്ച് സിംഗപ്പൂരുമായി നേരിട്ട് ബന്ധിപ്പിക്കുന്ന കേബിൾ മലേഷ്യ, തായ്‌ലൻഡ് എന്നിവിടങ്ങളുമായും ബന്ധിപ്പിക്കും.

രാജ്യത്തെ ഇന്റർനെറ്റ് അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള മുന്നേറ്റമാണ് പദ്ധതിയെന്ന് മാലദ്വീപ് സാമ്പത്തിക വികസനമന്ത്രി ഉസ്‌ഫയാസ് ഇസ്‌മായിൽ പറഞ്ഞു. വേഗതയേറിയ ഇന്റർനെറ്റ് സേവനങ്ങളെ പിന്തുണയ്ക്കുന്ന കേബിൾ മാലിദ്വീപിന്റെ വളർച്ചയെ പിന്തുണയ്ക്കുമെന്ന് റിലയൻസ് ജിയോ പ്രസിഡന്റ് മാത്യു ഉമ്മൻ പറഞ്ഞു.