bike

 പൊലീസ് നമ്പർ 0484-2394352

കൊച്ചി: താക്കോൽ പൂട്ടിന് പുറമേ, ഹാൻഡിൽ ലോക്കിട്ടിട്ടും കാര്യമില്ല ! നിന്ന നിൽപ്പിൽ ബൈക്ക് കവരുന്ന മോഷ്ടാക്കൾ വിലസുകയാണ് ജില്ലയിൽ. പ്രത്യേകിച്ച് കൊച്ചി നഗരത്തിൽ. സിറ്റി പൊലീസിന് കീഴിൽ ഒരാഴ്ചക്കിടെ 26ലധികം ബൈക്ക് മോഷണക്കേസുകളാണ് രജിസ്റ്റ‌ർ ചെയ്തത്. അറസ്റ്റും കൂടുന്നുണ്ട്. പിടിയിലാകുന്നത് അധികവും കുട്ടികളാണെന്നത് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.

കഴിഞ്ഞ ഞായറാഴ്ച മൂന്നുപേരെയാണ് സെൻട്രൽ പൊലീസ് പിടികൂടിയത്. ബാന‌ർജി റോഡിൽ നിന്ന് കവർന്ന പാഷൻ പ്രോ ബൈക്കുമായി കറക്കുന്നതിനിടെയാണ് കുടുങ്ങിയത്. ലഹരിയിടപാടുകൾക്കായാണ് കുട്ടികൾ ബൈക്കുകൾ മോഷ്ടിക്കുന്നതെന്നാണ് സംശയിക്കുന്നത്. പൊലീസ് പ്രത്യേക പരിശോധന ആരംഭിച്ചിട്ടുണ്ട്. ബൈക്കുകളുടെ സുരക്ഷ ഉടമയുടേയും ഉത്തരവാദിത്വമാണെന്നും പകലും ബൈക്ക്-സ്കൂട്ടർ ലോക്കുകൾ ഉപയോഗിക്കണമെന്നുമാണ് കൊച്ചി സിറ്റി പൊലീസിന്റെ നി‌ർദ്ദേശം.

മാസ്കിൽ മറഞ്ഞ്
തിരക്ക് കുറഞ്ഞയിടം കണ്ടെത്തി ബൈക്കുമായി മുങ്ങുന്ന പഴഞ്ചൻ രീതിയൊന്നും മോഷ്ടക്കൾ ഇപ്പോൾ പിന്തുടരുന്നേയില്ല. സി.സി.ടിവി കാമാറ നിരീക്ഷണമുള്ള തിരക്കേറിയ ഇടത്തുനിന്നുപോലും ബൈക്കുകൾ മോഷ്ടിച്ച് കടത്തുകയാണ്. മാസ്ക് നി‌ർബന്ധമാക്കിയത് മുതലെടുത്താണ് കവ‌ർച്ച. സി.സി.ടിവി കാമറകൾ പരിശോധിച്ചാലും മുഖം വ്യക്തമാകാത്തത് അന്വേഷണത്തേയും ബാധിക്കുന്നുണ്ട്.

ഓടിത്തീർന്നാൽ അടുത്തത്

പെട്രോൾ തീ‌ർന്നാൽ വാഹനം റോഡരികിൽ ഉപേക്ഷിച്ച് അടുത്തത് മോഷ്ടിക്കുന്നതാണ് യുവാക്കളുടെ രീതി. കൊച്ചിയിൽ നിരവധി ബൈക്കുകളാണ് ഇങ്ങനെ പാതയോരങ്ങളിൽ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയത്. വാഹനങ്ങൾ കസ്റ്റഡിയിലെത്ത് സ്റ്റേഷനിലെത്തിക്കുകയാണ് നടപടി. സ്റ്റേഷൻ പരിസരം ഇത്തരം വാഹനങ്ങളാൽ നിറത്തോടെ മറ്റ് മാ‌ർഗമില്ലാത്ത അവസ്ഥയിലാണ് പൊലീസ്. കൊച്ചിയിൽ കണ്ടുകിട്ടുന്ന ബൈക്കുകളിൽ അധികവും എറണാകുളം റൂറൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് മോഷണം പോയിട്ടുള്ളവയാണ്.

 പൊലീസ് നി‌ർദ്ദേശം

• ബൈക്ക് ലോക്കുകൾ ഉപയോഗിക്കുക

• ശ്രദ്ധയില്ലാതെ ബൈക്ക് പാ‌ർക്ക് ചെയ്യരുത്

• വഴിയരികിൽ പാ‌‌ർക്ക് ചെയ്യരുത്

• താക്കോലെടുക്കാൻ മറക്കരുത്

• മോഷണവിവരം ഉടൻ അറിയിക്കണം

₹ 150 മുതൽ

ബൈക്ക്-സ്കൂട്ടർ ലോക്കുകൾ 150 രൂപ മുതൽ വിപണയിൽ ലഭ്യമാണ്. മികിച്ച ഗുണനിലവാരമുള്ളതിന് 1500 മുതൽ 2000 രൂപ വരെ നൽകണം. ബൈക്ക് അനുബന്ധ ഉപകരണങ്ങൾ വിൽക്കുന്ന കടകളിലും ഓൺലൈനായും വാങ്ങാം. ഇവ ബൈക്കിന്റെ വീലുമായി ഘടിപ്പിച്ച് പൂട്ടുന്നതിനാൽ ഇരട്ടി സുരക്ഷയാണ് ലഭിക്കുക.

ബൈക്കുകളുടെ സുരക്ഷ ഉടമയുടേയും ഉത്തരവാദിത്തമാണ്. വീൽ ലോക്കുകൾ ഉപയോഗിക്കുന്നത് കൂടുതൽ സുരക്ഷ നൽകും.

ജയകുമാ‌ർ സി.

അസി. പൊലീസ് കമ്മിഷണർ

എറണാകുളം സെൻട്രൽ