kadav

ആലുവ: അദ്വൈതാശ്രമത്തിലെ ഗുരുമന്ദിരംകടവ് നവീകരണം പൂർത്തിയാക്കാൻ അനുവദിച്ച സമയം നാളെ അവസാനിക്കാനിരിക്കെ,​ ഇന്ന് കോൺക്രീറ്റിംഗ് നടത്താനുള്ള തയ്യാറെടുപ്പിലാണ് കരാറുകാരൻ. ബണ്ട് പൊട്ടിയുള്ള ചോർച്ചയുണ്ടെങ്കിലും രണ്ട് കുതിരശക്തിയുള്ള മോട്ടോർ ഉപയോഗിച്ച് വെള്ളം പുഴയിലേക്ക് പമ്പുചെയ്ത് കോൺക്രീറ്റിംഗ് ആരംഭിക്കും.

നിശ്ചിതസമയത്തിനകം നിർമ്മാണം പൂർത്തിയാക്കാൻ 30ഓളം തൊഴിലാളികളാണ് ജോലിചെയ്യുന്നത്. ഇന്ന് കോൺക്രീറ്റിംഗിന് മുന്നോടിയായി കടവിന്റെ അവസാനപടിയിൽ സ്റ്റീൽ നിർമ്മിത ബാരിക്കേഡുകൾ സ്ഥാപിക്കും. ഇന്നലെ വൈകിട്ടോടെ പാതിഭാഗത്ത് ബാരിക്കേഡ് സ്ഥാപിച്ചു. ഇവിടെ കോൺക്രീറ്റിംഗ് കഴിഞ്ഞ് അവശേഷിക്കുന്ന ഭാഗത്തും ബാരിക്കേഡ് സ്ഥാപിക്കും.

മുതിർന്നപൗരന്മാരുടെ സൗകര്യാർത്ഥം കടവിലേക്ക് ഇറങ്ങാനും തിരികെകയറാനുമായി രണ്ടിടത്ത് സ്റ്റീൽ കൈവരികളും സ്ഥാപിക്കും. ബാരിക്കേഡും കൈവരികളും അദ്വൈതാശ്രമത്തിന്റെ ചെലവിലാണ് സ്ഥാപിക്കുന്നത്. മാർച്ച് ഒന്നിന് ശിവരാത്രിയായതിനാൽ ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥർ മുഴുവൻസമയം സ്ഥലത്ത് ക്യാമ്പ് ചെയ്താണ് നവീകണത്തിന് മേൽനോട്ടം വഹിക്കുന്നത്.