sivarathri

ആലുവ: നഗരവാസികളിൽ ശിവരാത്രി ആഘോഷത്തിന്റെ വരവറിയിച്ച് ഇക്കുറി ആദ്യം പൊരിക്കച്ചവടവുമായെത്തിയത് ഫോർട്ടുകൊച്ചി സ്വദേശി കുമാർ. നാലര പതിറ്റാണ്ടായി പാലസ് റോഡിൽ ശിവരാത്രി ആഘോഷത്തിന്റെ 'മുഖ"മായ അക്ക ഇക്കുറിയുമുണ്ടെങ്കിലും ഒരുദിവസം വൈകി.

അക്കയുടെ ബന്ധുവാണ് കുമാർ. ഇദ്ദേഹവും വർഷങ്ങളായി പാലസ് റോഡിൽ ശിവരാത്രി കച്ചവടത്തിനെത്താറുണ്ട്. ശിവരാത്രിക്ക് ഒരുമാസം മുമ്പേ ഇവരെത്തും. ഒരുമാസം നീളുന്ന ശിവരാത്രി വ്യാപാരമേളയും കഴിഞ്ഞ് ഒരുമാസവും കൂടി കച്ചവടം നീളും. വർഷത്തിൽ മൂന്നുമാസത്തോളം നീളുന്ന അക്കയുടെ ശിവരാത്രിക്കച്ചവടം നാട്ടുകാരെയെല്ലാം സുഹൃത്തുക്കളാക്കി. ഇക്കുറി നഗരസഭയ്ക്ക് മണപ്പുറത്ത് വ്യാപാരമേളയ്ക്ക് ജില്ലാ ഭരണകൂടം അനുവദിക്കാത്തതിനാൽ സ്റ്റാളുകളൊന്നും നൽകിയിരുന്നില്ല. അതിനാൽ വഴിയോര കച്ചവടവും നഗരസഭയുടെ ശ്രദ്ധയിലുണ്ടായിരുന്നില്ല.

എന്നാൽ,​ മണപ്പുറത്ത് ദേവസ്വം ബോർഡിന്റെ സ്ഥലത്ത് നാലുദിവസം വ്യാപാരമേളയ്ക്ക് ബോർഡ് അനുമതി നൽകിയതോടെ നഗരസഭയും വഴിയോരക്കച്ചവടത്തിന് നടപടികളാരംഭിക്കുകയായിരുന്നു. ഇതേതുടർന്നുണ്ടായ കാലതാമസമാണ് അക്കയുടേത് ഉൾപ്പെടെ പൊരിക്കച്ചവടക്കാരുടെ സ്റ്റാളുകൾ വൈകാൻ കാരണം.

പൊള്ളാച്ചി സ്വദേശിനിയായ സരോജിനിയെന്ന അക്ക തുടർച്ചയായി 47-ാം വർഷമാണ് ശിവരാത്രി കച്ചവടത്തിനെത്തുന്നത്. ആലുവക്കാർക്ക് ശിവരാത്രിയുടെ വരവറിയിക്കുന്നത് എന്നും സരോജിനിയക്കയാണ്. ഫോർട്ടുകൊച്ചി സ്വദേശി പരേതനായ കെ.ആർ.സുന്ദരത്തിന്റെ ഭാര്യയാണ്. സുന്ദരം ഹൃദയാഘാതത്തെ തുടർന്ന് മരിച്ചതോടെയാണ് കച്ചവടം അക്ക ഏറ്റെടുത്തത്.