തൃക്കാക്കര: ഭൂമി തരംമാറ്റത്തിന് അപേക്ഷ സമർപ്പിച്ച പറവൂർ സ്വദേശി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഫോർട്ടുകൊച്ചി ആർ.ഡി.ഒ ഓഫീസിലെ ആറു ജീവനക്കാരെ സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ച് കേരള റവന്യൂ ഡിപ്പാർട്ട്മെന്റ് സ്റ്റാഫ് അസ്സോസിയേഷൻ (കെ.ആർ.ഡി.എസ്.എ) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജീവനക്കാർ കാക്കനാട് കളക്ടറേറ്റിന് മുമ്പിലും ഫോർട്ടുകൊച്ചി റവന്യു ഡിവിഷണൽ ഓഫീസിന് മുമ്പിലും പ്രകടനം നടത്തി. കളക്ടറേറ്റിന് മുമ്പിൽ കെ.ആർ.ഡി.എസ്.എ സംസ്ഥാന വൈസ് പ്രസിഡന്റ് സി.എ. അനീഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി വി.എം. സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. ആർ.ഡി.ഒ ഓഫീസിന് മുമ്പിൽ ധർണ്ണ കെ.ആർ.ഡി.എസ്.എ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഹുസൈൻ പതുവന ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി. ബ്രഹ്മഗോപാലൻ അദ്ധ്യക്ഷത വഹിച്ചു. ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ട് ഇരുന്നൂറിലധികം അപേക്ഷകളാണ് ദിവസവും ഫോർട്ടുകൊച്ചി ആർ.ഡി.ഒ ഓഫീസിൽ എത്തുന്നത്. നിലവിൽ 15,000ലേറെ അപേക്ഷകൾ തീർപ്പാക്കാതെ അവശേഷിക്കുന്നു. പരിമിതമായ ജീവനക്കാരെ വച്ച് ഈ അപേക്ഷകളിൽ നടപടി സ്വീകരിക്കുന്നത് അപ്രായോഗികമാണെന്ന് സമരക്കാർ പറഞ്ഞു. തസ്തികകളുടെ കുറവും സ്കാനർ, പ്രിന്റർ തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങളുടെ അപര്യാപ്തതയും പരിഹരിക്കാൻ മേലധികാരികൾ തയ്യാറായിട്ടില്ലെന്നും അവർ ചൂണ്ടിക്കാട്ടി.