വൈപ്പിൻ: വൈപ്പിൻകരയുടെ തെക്കൻമേഖലയിലെ കുടിവെള്ളക്ഷാമത്തിന് ശാശ്വത പരിഹാരമാകാൻ പര്യാപ്തമായ മുരുക്കുംപാടം ജലസംഭരണിയുടെ നിർമ്മാണം മാർച്ച് ആദ്യവാരം പൂർത്തിയാകും. എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്തിലെ കുടിവെള്ള ദൗർലഭ്യം പൂർണ്ണമായും ഞാറക്കലിലേത് ഭാഗികമായും ശമിപ്പിക്കുന്നതിന് ജിഡ ഫണ്ടുപയോഗിച്ച് നിർമ്മിക്കുന്ന സംഭരണിയുടെ പൂർത്തീകരണത്തോടെ കഴിയും.

മുരുക്കുംപാടം ടാങ്കിന് 11.8 ലക്ഷം ലിറ്റർ ജല സംഭരണശേഷിയുണ്ട്. 2011ൽ 5.47കോടി രൂപ ചെലവിൽ നിർമ്മാണം ആരംഭിച്ചതാണ് ജലസംഭരണി. പിന്നീട് കരാറുകാരന്റെ ഉപേക്ഷമൂലം ഇടയ്ക്ക് പണി നിലച്ചു. അവശേഷിച്ച പ്രവൃത്തികൾ പൂർത്തിയാക്കാൻ കഴിഞ്ഞവർഷം 2.15 കോടി രൂപയ്ക്ക് റീടെൻഡർ ചെയ്തു. ഈ ഘട്ടത്തിലെ പ്രവൃത്തികളിൽ ഒരു ഇന്റർകണക്ഷനും ചുറ്റുമതിൽ നിർമ്മാണവും മാത്രമാണ് ഇനി തീരാനുള്ളത്. അത് മാർച്ച് ആദ്യവാരത്തോടെ പൂർത്തിയാകുമെന്ന് ജല അതോറിറ്റി പ്രോജകട് എക്‌സിക്യൂട്ടീവ് എൻജിനീയർ ജയശ്രീ അറിയിച്ചു. ടാങ്കിന്റെ ക്ഷമത സംബന്ധിച്ച ട്രയൽ റൺ കഴിഞ്ഞദിവസം വിജയകരമായി പൂർത്തിയാക്കി.
ഞാറക്കൽ, നായരമ്പലം പഞ്ചായത്തുകൾക്ക് പൂർണതോതിൽ കുടിവെള്ള ലഭ്യത ഉറപ്പാക്കുന്ന ഞാറക്കൽ ജലസംഭരണിയുടെ നിർമ്മാണം മൂന്നുമാസത്തിനകം പൂർത്തിയാകുന്ന നിലയ്ക്ക് പുരോഗമിക്കുകയാണെന്നും ജല അതോറിറ്റി അധികൃതർ വ്യക്തമാക്കിയതായി കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. പറഞ്ഞു. ടാങ്കിന്റെ ജല സംഭരണശേഷി 17.9 ലക്ഷം ലിറ്ററാണ്. 2.78കോടി രൂപക്കാണ് റീടെൻഡർ ചെയ്തത്. നിർമ്മാണം മെയ് അവസാനം പൂർത്തിയാക്കാനാകും. ജലസംഭരണികളുടെ നിർമ്മാണം അടിയന്തരമായി പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് വകുപ്പ് മന്ത്രി ഉൾപ്പെടെ അധികൃതരെ കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. തുടരെ സമീപിക്കുകയും നിയമസഭയിലുൾപ്പെടെ വിഷയം ശ്രദ്ധയിൽ കൊണ്ടുവരികയും ചെയ്തതിനെ തുടർന്നാണ് നിർമ്മാണം വേഗത്തിലായത്.

ഇതിനിടെ ജല അതോറിറ്റിയുടെ വാട്ടർ ക്വാളിറ്റി ലാബ് മുരുക്കുംപാടം ജല സംഭരണിയുടെ താഴെ നിലയിൽ സ്ഥാപിക്കാൻ ഒരുങ്ങിയപ്പോൾ അനധികൃത നിർമ്മാണമെന്ന് ചൂണ്ടിക്കാട്ടി പഞ്ചായത്ത് അധികൃതർ സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു. തുടർന്ന് ജല അതോറിറ്റി അധികൃതരും പഞ്ചായത്ത് ഭരണാധികാരികളും തമ്മിൽ ചർച്ച നടത്തി പ്രശ്‌നം രമ്യമായി പരിഹരിച്ചു. ലാബ് നിർമ്മാണവും ഇപ്പോൾ നടക്കുന്നുണ്ട്.