
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സംവിധായകൻ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലുകൾ തെറ്റാണെന്ന് അന്വേഷണം നടത്താതെ എങ്ങനെ പറയാനാവുമെന്ന് ഹൈക്കോടതി ചോദിച്ചു. കേസിലെ തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതി നടൻ ദിലീപ് നൽകിയ ഹർജിയിൽ വാദം കേൾക്കവെയാണ് ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്ത് ഇക്കാര്യം ചോദിച്ചത്. വെളിപ്പെടുത്തലുകൾ കളവാണെന്ന് അന്വേഷിച്ചു കണ്ടെത്തിയാൽ പ്രശ്നം തീരുമല്ലോയെന്നും കോടതി പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥരടക്കമുള്ളവർ പങ്കാളികളായ കള്ളക്കഥയാണ് ഈ വെളിപ്പെടുത്തലെന്നായിരുന്നു ദിലീപിന്റെ അഭിഭാഷകന്റെ മറുപടി. നടിയെ ആക്രമിച്ച കേസിൽ ഇപ്പോൾ നടക്കുന്നത് തുടരന്വേഷണമല്ല, പുനരന്വേഷണമാണ്. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ ദിലീപ് വീട്ടിലിരുന്നു കണ്ടെന്നൊക്കെയാണ് വെളിപ്പെടുത്തലിലുള്ളത്. ദൃശ്യങ്ങൾ ദിലീപിന്റെ പക്കലുണ്ടെന്ന് വരുത്തിത്തീർക്കാനാണ് കള്ളക്കഥയെന്നും അഭിഭാഷകൻ വാദിച്ചു.
വെളിപ്പെടുത്തലിൽ അന്വേഷണം നടത്തുകയെന്നത് അന്വേഷണ ഉദ്യോഗസ്ഥന്റെ അധികാരപരിധിയിൽ വരുന്നതാണെന്നും ഇതിൽ കോടതിക്ക് എങ്ങനെ ഇടപെടാനാവുമെന്നും സിംഗിൾബെഞ്ച് ചോദിച്ചു. വെളിപ്പെടുത്തൽ ഇത്രയും വൈകാനിടയായ കാരണങ്ങളുൾപ്പെടെ അന്വേഷിക്കാമല്ലോ? ഇക്കാര്യം പരിശോധിക്കാതെ അന്വേഷണത്തിലേക്ക് തിടുക്കത്തിൽ കടന്നിട്ടുണ്ടാകും. അതിന്റെ പേരിൽ അന്വേഷണം വേണ്ടെന്ന് കോടതിക്ക് പറയാനാവില്ലെന്നും സിംഗിൾ ബെഞ്ച് പറഞ്ഞു. ഹർജിയിൽ ഇന്നും വാദം തുടരും.
നടിയെ കക്ഷി ചേർത്തു
തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ഹർജിയിൽ ഇരയായ നടിയെ കക്ഷി ചേർത്തു. വിചാരണക്കോടതിയുടെ അനുമതിയോടെ നടക്കുന്ന തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹർജി നൽകാൻ ദിലീപിന് അവകാശമില്ലെന്നു ചൂണ്ടിക്കാട്ടിയാണ് കക്ഷി ചേരാൻ നടി അഡ്വ. അനീഷ് ജയിംസ് മുഖേന ഹൈക്കോടതിയെ സമീപിച്ചത്.