തൃപ്പൂണിത്തുറ: ഹിന്ദുസ്ഥാൻ ലാറ്റക്സ് ലിമിറ്റഡ് ഇന്ത്യൻ ഓയിൽ കോർപറേഷനുമായി ചേർന്ന് നടപ്പാക്കുന്ന 25 വയസിനു മേൽ പ്രായമായ അമ്മമാർക്ക് മെൻസ്ട്രുവൽ കപ്പ് സൗജന്യമായി വിതരണം ചെയ്യുന്ന പദ്ധതിക്ക് മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്തിൽ തുടക്കമായി. സ്ത്രീകൾക്ക് ആർത്തവകാലത്തു സാനിറ്ററി പാഡുകൾക്കു പകരം ഉപയോഗിക്കാവുന്ന കപ്പുകളാണ് മെൻസ്ട്രുവൽ കപ്പുകൾ. ആമ്പല്ലൂർ പഞ്ചായത്തിൽ സെന്റ് ഇഗ്‌നേഷ്യസ് സ്‌കൂൾ ഹാളിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു സജീവന് കപ്പ് കൈമാറി മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു പി. നായർ പദ്ധതിയുടെ ബ്ലോക്ക് തല ഉദ്‌ഘാടനം നിർവഹിച്ചു.
ആമ്പല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ബിജു തോമസ് അദ്ധ്യക്ഷത വഹിച്ചു. എച്ച്.എൽ.എൽ. മാനേജ്‌മെന്റ് അക്കാഡമി പ്രോജക്റ്റ് ഡയറക്ടർ ഡോ.കൃഷ്ണ എച്ച്.എസ് പദ്ധതി വിശദീകരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ജൂലിയറ്റ് ടി.ബേബി, ബ്ലോക്ക് പഞ്ചായത്ത് അംഗം ജലജ മോഹനൻ, ആമ്പല്ലൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയശ്രീ പത്മാകരൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ബിനു പുത്യേത്തുമാലിൽ, എം.എം ബഷീർ, ഡോ.നമിത, ഡിഫ്‌ന ഡിക്രൂസ്, ബി.ഡി.ഒ നാസർ കെ.എച്ച് തുടങ്ങിയവർ പങ്കെടുത്തു. ആദ്യ ഘട്ടത്തിൽ ആറ് പഞ്ചായത്തുകളിലായി മൂവായിരത്തോളം കപ്പുകളാണ് വിതരണം ചെയ്യുക. ഈ മാസം 22 നു ചോറ്റാനിക്കര പഞ്ചായത്തിലും 23 നു മുളന്തുരുത്തി, മണീട്, എടക്കാട്ടുവയൽ പഞ്ചായത്തുകളിലും 24 നു ഉദയംപേരൂർ പഞ്ചായത്തിലും കപ്പുകളുടെ വിതരണവും ബോധവത്കരണവും നടത്തും. ആറ് മാസങ്ങൾക്കുള്ളിൽ മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പൂർണമായി സാനിറ്ററി പാഡ് വിമുക്ത ബ്ലോക്കായി പ്രഖ്യാപിക്കുകയാണ് ലക്ഷ്യമെന്ന് രാജു പി. നായർ പറഞ്ഞു.
മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്തിൽ 25 വയസിനു മേൽ പ്രായമുള്ള അമ്മമാർക്ക് മെൻസ്ട്രുവൽ കപ്പ് സൗജന്യ വിതരണം'തിങ്കൾ' പദ്ധതിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു പി.നായർ നിർവഹിക്കുന്നു