കൊച്ചി: ഇന്നു നടക്കുന്ന ആലുവ മണപ്പുറത്തെ ബലിത്തറകളുടെ ലേലത്തിന് ആവശ്യമെങ്കിൽ പൊലീസ് സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. ഒരുകൂട്ടം പുരോഹിതരുടെ എതിർപ്പിനെത്തുടർന്ന് ബലിത്തറ ലേലം മുടങ്ങിയെന്ന 'കേരളകൗമുദി" വാർത്തയെത്തുടർന്ന് ഹൈക്കോടതി സ്വമേധയാ പരിഗണിക്കുന്ന ഹർജിയിലാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത് കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ നിർദ്ദേശം.
ഫെബ്രുവരി 15നും 16നും ബലിത്തറലേലം നടത്താനുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ശ്രമങ്ങൾ ഒരുകൂട്ടം പുരോഹിതർ തടഞ്ഞിരുന്നു. തുടർന്ന് ലേലം മുടങ്ങിയ വാർത്ത ഫെബ്രുവരി 17ന് 'കേരളകൗമുദി" പ്രസിദ്ധീകരിച്ചിരുന്നു. ലേല നടപടികൾ ആർച്ചക് പുരോഹിതസഭയുടെ ആലുവ മണ്ഡലം സെക്രട്ടറി പാനായിക്കുളം രാധാകൃഷ്‌ണ വാദ്ധ്യാരുടെ നേതൃത്വത്തിലാണ് തടസപ്പെടുത്തിയതെന്ന് ദേവസ്വം ബോർഡിന്റെ അഭിഭാഷകൻ നേരത്തെ ഹൈക്കോടതിയിൽ അറിയിച്ചിരുന്നു.
തുടർന്ന് രാധാകൃഷ്‌ണ വാദ്ധ്യാരെ കേസിൽ കക്ഷി ചേർത്തു. ലേലനടപടികൾ തടസപ്പെടുത്തുന്ന നടപടി സ്വീകരിച്ചിട്ടില്ലെന്നായിരുന്നു രാധാകൃഷ്‌ണ വാദ്ധ്യാരുടെ വാദം. എന്നാൽ, ഇക്കാര്യത്തിൽ പൊലീസിന്റെ റിപ്പോർട്ട് പരിഗണിച്ച ഡിവിഷൻ ബെഞ്ച് പൊലീസ് സംരക്ഷണം നൽകാൻ ഉത്തരവിടുകയായിരുന്നു.