
കൊച്ചി: രാഷ്ട്രീയപ്പാർട്ടികൾ ജനങ്ങൾക്കു വേണ്ടിയാണോ അതോ പാർട്ടിക്കാർക്കു വേണ്ടിയാണോ നിലകൊള്ളുന്നതെന്ന് ഹൈക്കോടതി ചോദിച്ചു. പാതയോരങ്ങളിലെയും നടപ്പാതകളിലെയും അനധികൃത കൊടിമരങ്ങൾ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവേ ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ഇക്കാര്യം ചോദിച്ചത്. നടപടിയുണ്ടായില്ലെങ്കിൽ ജനങ്ങൾ പരാതി നൽകാതാകുമെന്നും മുന്നറിയിപ്പ് നൽകി.
അനധികൃത കൊടിമരങ്ങൾ നീക്കുന്നതിനുള്ള നടപടികൾ വിശദീകരിക്കാൻ സർക്കാർ രണ്ടു മാസം കൂടി സമയം തേടി. രാഷ്ട്രീയപ്പാർട്ടികളുമായി ചർച്ച ചെയ്യാനാണിത്. പന്തളം മന്നം ആയുർവേദ കോ- ഓപ്പറേറ്റീവ് മെഡിക്കൽ കോളേജിനു മുന്നിലെ അനധികൃത കൊടിമരങ്ങൾ നീക്കാനായി കോളേജ് അധികൃതർ നൽകിയ ഹർജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. ഹർജി മാർച്ച് 28 നു പരിഗണിക്കാൻ മാറ്റി.