
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ മൊഴിയെടുക്കാൻ ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയെങ്കിലും നടൻ ദിലീപിന്റെ അഭിഭാഷകൻ ബി. രാമൻപിള്ള ഹാജരായില്ല. കോട്ടയം ക്രൈംബ്രാഞ്ച് യൂണിറ്റ് എസ്.പിയാണ് നോട്ടീസ് നൽകിയത്. അഭിഭാഷകനെന്ന നിയമസംരക്ഷണമുള്ളതിനാൽ ഹാജരാകാൻ കഴിയില്ലെന്ന് അന്വേഷണസംഘത്തെ രാമൻപിള്ള അറിയിച്ചു.
കഴിഞ്ഞ 16ന് ഹാജരാകാനായിരുന്നു 14ന് നൽകിയ നോട്ടീസിലെ നിർദ്ദേശം. തുടർനടപടി തീരുമാനിച്ചിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് വൃത്തങ്ങൾ പറഞ്ഞു.
ക്രൈംബ്രാഞ്ച് നോട്ടീസിനെക്കുറിച്ച് പ്രതികരിക്കാനില്ലെന്ന് രാമൻപിള്ള കേരളകൗമുദിയോട് പറഞ്ഞു. കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയുടെ സഹതടവുകാരൻ ജിൻസണെ മറ്റൊരു സഹതടവുകാരനായ കൊല്ലം സ്വദേശി നാസർ മുഖേന അഭിഭാഷകൻ സ്വാധീനിക്കാൻ ശ്രമിച്ചെന്ന ശബ്ദസംഭാഷണം പുറത്തുവന്നതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ജിൻസണും നാസറും തമ്മിലുള്ള സംഭാഷണത്തിന്റെ ശബ്ദരേഖയാണ് പുറത്തുവന്നത്.
കേസിലെ നിർണ്ണായക സാക്ഷിയാണ് ജിൻസൻ. കൂറുമാറിയാൽ ഏറ്റവും കുറഞ്ഞത് 25 ലക്ഷമെങ്കിലും തനിക്ക് ലഭിക്കുമെന്ന പ്രതീക്ഷ ജിൻസൺ സംസാരത്തിൽ പങ്കുവയ്ക്കുന്നുണ്ട്. ഇതിന് മറുപടിയായി അഞ്ച് സെന്റ് വസ്തു കിട്ടുന്ന മാർഗമാണിതെന്നാണ് നാസറിന്റെ പ്രതികരണം. പൾസർ സുനിയെ 'നമുക്ക് പിന്നെ ഇറക്കാ'മെന്നും നാസർ പറയുന്നുണ്ട്. നാസറിനെ ചോദ്യം ചെയ്തെങ്കിലും ഇതേക്കുറിച്ച് ഒന്നും അറിയില്ലെന്നാണ് മൊഴി. കോട്ടയം യൂണിറ്റാണ് കേസ് അന്വേഷിക്കുന്നത്.
 സുരാജിനെ ചോദ്യം ചെയ്തു
വധഗൂഢാലോചന കേസിലെ മൂന്നാം പ്രതിയും ദിലീപിന്റെ സഹോദരീ ഭർത്താവുമായ സുരാജിനെ ഇന്നലെ മൂന്ന് മണിക്കൂർ ചോദ്യം ചെയ്തശേഷം വിട്ടയച്ചു. രാവിലെ 11നാണ് സുരാജ് കളമശേരി ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരായത്. അന്വേഷണ ഉദ്യോഗസ്ഥൻ മോഹനചന്ദ്രൻ നായരുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ. രണ്ടാം പ്രതിയും ദിലീപിന്റെ സഹോദരനുമായ അനൂപിനെ ഇന്ന് ചോദ്യം ചെയ്യും. ഈയാഴ്ച ദിലീപിനേയും ചോദ്യം ചെയ്യുമെന്നാണ് അറിയുന്നത്.
 നിയമവാഴ്ചയോടുള്ള വെല്ലുവിളി: അഡ്വ. ബി. രാമൻപിള്ള
സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ മൊഴി നൽകാനായി തനിക്ക് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്ന് അഡ്വ. ബി. രാമൻപിള്ള മറുപടി നൽകി. ദിലീപിന്റെ അഭിഭാഷകനായ ബി. രാമൻപിള്ളയുടെ ഓഫീസിലോ വസതിയിലോ ഫെബ്രുവരി 16 ന് രാവിലെ ഒമ്പതു മണിയോടെ എത്തി മൊഴിയെടുക്കുമെന്നാണ് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയത്. ഇതിൽ നിയമപരമായി നിരവധി പ്രശ്നങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി രാമൻപിള്ള ഫെബ്രുവരി 18 ന് മറുപടി നൽകി.
 അഡ്വ. രാമൻപിള്ളയുടെ മറുപടി
തെറ്റായി രജിസ്റ്റർ ചെയ്ത കേസാണിത്. നടിയെ ആക്രമിച്ച കേസിലെ സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ചെന്നാരോപിച്ച് കാസർകോട് ബേക്കൽ പൊലീസും കേസെടുത്തിരുന്നു. ഈ കേസുകളിൽ ദിലീപിനു വേണ്ടി ഹാജരാകുന്ന അഭിഭാഷകനാണ്. അതിനാൽ സാക്ഷികളെ സ്വാധീനിച്ചെന്ന കേസിൽ സാക്ഷിയായി തന്നെ ഉൾപ്പെടുത്താനാവില്ല. അതിനാൽ മൊഴിയെടുക്കാനുള്ള നീക്കത്തിൽ നിന്ന് പിന്മാറണം. കേസിൽ പ്രതിക്കു വേണ്ടി ഹാജരാകുന്ന അഭിഭാഷകന്റെ മൊഴി രേഖപ്പെടുത്താനുള്ള നീക്കം ഇന്ത്യൻ തെളിവു നിയമത്തിന്റെ ലംഘനമാണ്. ദിലീപിന്റെ അഭിഭാഷകനായ തന്റെ മൊഴി എടുക്കുന്നത് അഡ്വക്കേറ്റ്സ് ആക്ട് പ്രകാരവും അനുവദിക്കാനാവില്ല. എങ്കിലും താങ്കൾക്ക് കാണണമെന്നുണ്ടെങ്കിൽ ഫോണിൽ വിളിച്ച് സമയം നിശ്ചയിച്ച് കാണാവുന്നതാണ്.
 അഭിഭാഷകർ ഇന്ന് പ്രതിഷേധിക്കും
അഡ്വ. ബി. രാമൻപിള്ളക്ക് നോട്ടീസ് നൽകിയതിനെതിരെ ഇന്ന് പ്രതിഷേധിക്കാൻ കേരള ഹൈക്കോർട്ട് അഡ്വക്കേറ്റ്സ് അസോസിയേഷൻ തീരുമാനിച്ചു. ഇന്നു ഉച്ചയ്ക്ക് ഹൈക്കോടതി പരിസരത്ത് പ്രതിഷേധിക്കാനാണ് തീരുമാനം