ആലുവ: പൊലീസ് സംരക്ഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടെങ്കിലും ഇന്നത്തെ ബലിത്തറലേലം ബഹിഷ്‌കരിക്കുമെന്ന് പുരോഹിതന്മാരുടെ സംഘടനയായ അർച്ചക് പുരോഹിത് സഭ വ്യക്തമാക്കി.

ലേലത്തിൽ പങ്കെടുക്കാനെത്തുന്നവരെ തടയില്ല. എന്നാൽ,​ ദേവസ്വം ബോർഡ് നിശ്ചയിച്ച അടിസ്ഥാനനിരക്ക് കുറക്കാതെ ലേലത്തിൽ പങ്കെടുക്കില്ല. ലേലം ബഹിഷ്കരിക്കാനുള്ള പുരോഹിതന്മാരുടെ തീരുമാനത്തിന് വിവിധ ഹൈന്ദവ സംഘടനകളുടെ യോഗവും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

നിലവിലെ കൊവിഡ് ചട്ടപ്രകാരം ലേലം പിടിച്ചാൽ ഭീമമായ നഷ്ടം സംഭവിക്കുമെന്നാണ് പുരോഹിതന്മാർ പറയുന്നത്. 3 മീറ്റർ വീതിയും 2.40 മീറ്റർ നീളവുമുള്ള ബലിത്തറകളാണ് അനുവദിക്കുന്നത്. സാമൂഹിക അകലം പാലിച്ച് ഒരേസമയം നാല് പേർക്കേ മാത്രമെ ബലിയിടാനാവൂ. ബലിയിടാൻ 15 മുതൽ 20 മിനിറ്റ് വരെ വേണം. ഒരു മണിക്കൂറിൽ ഇത്തരത്തിൽ പരമാവധി 36 പേർക്ക് ബലിയിടാം. ഒന്നാം തീയതി രാത്രി 12 മുതൽ രണ്ടാം തീയതി ഉച്ചയ്ക്ക് 12 വരെയാണ് തർപ്പണ സമയം. ഈ സമയത്തിനകം 432 പേരെയാണ് ബലിയിടിക്കാനാകുക. ഒരാളിൽ നിന്നും 100 രൂപ വീതം ഈടാക്കിയാൽ 43,000 രൂപ ലഭിക്കും. എള്ള്, അരി, പൂവ്, എന്നിവക്കുമായി 40 രൂപ ചെലവാകും. പുറമെ മൂന്ന് സഹായികൾക്കും ഷെഡ് കെട്ടാനുള്ള ചെലവുകൾ വേറെയും. ഇതും കിഴിച്ചാൽ ലേലം പിടിച്ച പുരോഹിതന് ദേവസ്വം ബോർഡിന് അടക്കുന്ന തുക നഷ്ടമാകുമെന്നാണ് പറയുന്നത്.

നേരത്തെ രണ്ട് വട്ടമാണ് ലേലം മുടങ്ങിയത്. അടിസ്ഥാന ലേലത്തുക കുറയ്ക്കണമെന്നും ജി.എസ്.ടി ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ബഹിഷ്കരണം. ആദ്യദിവസം ബഹിഷ്കരിച്ചതിനെ തുടർന്ന് 2020ലെ ലേലത്തുകയിൽനിന്ന് വർദ്ധിപ്പിച്ച 10 ശതമാനവും 18 ശതമാനം ജി.എസ്.ടിയും ഒഴിവാക്കാൻ ദേവസ്വംബോർഡ് തീരുമാനിച്ചെങ്കിലും പുരോഹിതന്മാർ വഴങ്ങിയിട്ടില്ല.