
കൊച്ചി: തിരുവനന്തപുരം എയർപോർട്ടിലെ പ്ളസ് മാക്സ് ഡ്യൂട്ടി ഫ്രീ ഷോപ്പു വഴി വിദേശമദ്യം പുറത്തെത്തിച്ചു വിറ്റ കേസിൽ പ്രതിയായ കസ്റ്റംസ് സൂപ്രണ്ട് ലൂക്ക് കെ. ജോർജ്ജിനെ കോടതി ഫെബ്രുവരി 25 വരെ ചോദ്യം ചെയ്യാൻ കസ്റ്റംസിന്റെ കസ്റ്റഡിയിൽ വിട്ടു. സാമ്പത്തിക കുറ്റകൃത്യങ്ങളുടെ വിചാരണച്ചുമതലയുള്ള എറണാകുളം അഡി. സി.ജെ.എം കോടതിയുടേതാണ് ഉത്തരവ്. തിരുവനന്തപുരം എയർപോർട്ടു വഴി യാത്ര ചെയ്തവരുടെ പാസ്പോർട്ട് വിവരങ്ങൾ നിയമ വിരുദ്ധമായി ശേഖരിച്ച് ഇവയുപയോഗിച്ചാണ് വിദേശമദ്യം പുറത്തെത്തിച്ചു കരിഞ്ചന്തയിൽ വിറ്റതെന്ന് കസ്റ്റംസ് സംഘം കണ്ടെത്തിയിരുന്നു. 16 കോടി രൂപയുടെ നികുതിവെട്ടിപ്പാണ് ഇതിലൂടെ നടന്നതെന്നും യാത്രക്കാരുടെ വിവരങ്ങൾ ശേഖരിച്ചു നൽകിയത് ലൂക്ക് കെ. ജോർജ്ജാണെന്നും അന്വേഷണസംഘം വ്യക്തമാക്കിയിരുന്നു.