കൊച്ചി: ബ്രഹ്മപുരത്തെ ജൈവമാലിന്യ സംസ്കരണ പ്ലാന്റിന്റെ ടെൻഡറിൽ യോഗ്യത നേടിയ കമ്പനിയെ ചൊല്ലി കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ നാടകീയ രംഗങ്ങൾ. കമ്പനിക്ക് യോഗ്യതയില്ലെന്ന വാദം ആവർത്തിച്ച് സി.പി.ഐയും ടെൻഡർ ഇനിയും മാറ്റി വയ്ക്കരുതെന്നും ഉടൻ തീരുമാന എടുക്കണമെന്നമുള്ള വാശിയിൽ സി.പി. എം, കോൺഗ്രസ്, ബി.ജെ.പി കൗൺസിലർമാരും ഉറച്ചുനിന്നതോടെ യോഗം പ്രക്ഷുബ്ധമായി. തുടർന്ന് ഡെപ്യൂട്ടി മേയർ കെ.എ. അൻസിയ ഉൾപ്പെടെ നാല് സി.പി. ഐ കൗൺസിലർമാരും പിന്നാലെ യു.ഡി. എഫ് കൗൺസിലർമാരും കൗൺസിലിൽ നിന്ന് ഇറങ്ങിപ്പോയി.
സാങ്കേതിക യോഗ്യത നേടിയ സ്റ്റാർ കൺസ്ട്രക്ഷൻസിന് ലഭിച്ച നിയമോപദേശത്തിൽ ടെക്‌നോ സ്റ്റാർ എന്ന സംയുക്ത സംരംഭത്തിനാണ് യോഗ്യത വിവരിക്കുന്നതെന്നും അത് സ്റ്റാർ കൺസ്ട്രക്ഷൻസിന് മാത്രമായി വ്യാഖ്യാനിക്കാൻ കഴിയില്ലെന്നുമായിരുന്നു സി.പി. ഐയുടെ മുതിർന്ന നേതാവായ സി.എ. ഷക്കീറിന്റെ നിലപാട്. പ്രതിദിനം 250 ടൺ മാലിന്യം സംസ്കരിക്കാൻ കഴിയുന്ന മറ്റു കമ്പനികളുടെ ടെക്‌നിക്കൽ ബിഡ് തുറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഒറ്റപ്പെട്ട് സി.പി. ഐ
എട്ടുമാസമായി ഇതേ അജണ്ട അഞ്ചു തവണ കൗൺസിലിൽ പരിഗണിച്ചും മാറ്റിവച്ചും നീളുകയാണെന്നും മേയർക്ക് സ്വന്തം ഘടകകക്ഷിയെ പോലും തീരുമാനങ്ങൾ ബോദ്ധ്യപ്പെടുത്താൻ കഴിയുന്നില്ലെന്നും യു.ഡി. എഫ് അംഗം ദീപ്തി മേരി വർഗീസ് പറഞ്ഞു. എൽ.ഡി.എഫിലെ ഘടകകക്ഷികൾ തമ്മിലുള്ള അഭിപ്രായ വ്യത്യാസം കൊണ്ട് കോർപ്പറേഷന് നഷ്ടം വരുത്തരുത്. പുതിയ കമ്പനിക്ക് കരാർ നൽകിയാൽ കോർപ്പറേഷന് പ്രതിവർഷം 41 ലക്ഷം രൂപ ലാഭമുണ്ടാകുമെന്ന കാര്യം അവർ ഓർമ്മിപ്പിച്ചു. നിലവിലെ കരാറുകാരന് കാലാവധി നീട്ടിക്കൊടുക്കരുതെന്ന് യു.ഡി.എഫ് കൗൺസിലർ വി.കെ. മിനിമോൾ ആവശ്യപ്പെട്ടു. ടെൻഡർ സംബന്ധിച്ച് വാദ പ്രതിവാദം മുറുകിയതോടെ സി. പി. ഐ കൗൺസിലിൽ ഒറ്റപ്പെട്ടു.
ടെൻഡർ എല്ലാവിധ പരിശോധനകളും കഴിഞ്ഞതാണെന്നും ഇത് സംബന്ധിച്ച് ഏതു വിധത്തിലുള്ള അന്വേഷണവും നേരിടാൻ ഒരുക്കമാണെന്നും സെക്രട്ടറി എ.എസ്. നൈസാം കൗൺസിലിനെ അറിയിച്ചു. പുതിയ കരാറിന് അനുമതി നൽകണമെന്ന് ബി.ജെ. പിയും ആവശ്യപ്പെട്ടു
നിലവിലെ കരാറുകാരനെ
തുടരാൻ അനുവദിക്കില്ല :മേയർ
നിലവിലെ കരാറുകാരനെ ഇനി ബ്രഹ്മപുരത്ത് തുടരാൻ അനുവദിക്കില്ലെന്ന് മേയർ എം. അനിൽകുമാർ പറഞ്ഞു . പുതിയ കരാർ ഒപ്പിടും വരെ കോർപ്പറേഷൻ നേരിട്ട് മാലിന്യ സംസ്കരണം നടത്തും. ബ്രഹ്മപുരത്ത് നിലവിൽ മാലിന്യസംസ്കരണം നടക്കുന്നില്ലെന്ന് മേയർ പറഞ്ഞു. ബയോമൈനിംഗ് ചെയ്ത് വ്യത്തിയാക്കിയ സ്ഥലങ്ങളിൽ നിലവിലെ മാലിന്യ സംസ്‌കരണ പ്ലാന്റിൽ നിന്ന് രാത്രി മാലിന്യം തള്ളുകയാണ്. എല്ലാ രാഷ്ട്രീയ കക്ഷികളുമായി സംസാരിച്ച് പത്തു ദിവസത്തിനുള്ളിൽ ഫയലിൽ തീരുമാനമെടുക്കുമെന്ന് മേയർ പറഞ്ഞു.