pipe
പത്താംമൈലിൽ പൈപ്പു പൊട്ടി കുടിവെള്ളം പാഴാകുന്നു

കോലഞ്ചേരി: കൊച്ചി - ധനുഷ്‌കോടി ദേശീയപാതയിലെ പത്താംമൈലിൽ എസ്.എൻ.ഡി.പിയോഗം ശാഖാമന്ദിരത്തിനു സമീപം വീണ്ടും കുടിവെള്ളപൈപ്പ് പൊട്ടി റോഡ് തകർന്ന് ഗതാഗതം തടസപ്പെട്ടു. തിങ്കളാഴ്ച വൈകിട്ടാണ് പൈപ്പ് പൊട്ടിയത്. ഈ സമയത്ത് വാഹനങ്ങൾ ഇല്ലാതിരുന്നതിനാൽ അപകടമൊഴിവായി. കുടിവെള്ള വിതരണവും തടസപ്പെട്ടു. ഐക്കരനാട്, കോലഞ്ചേരി ഭാഗങ്ങളിലേക്കുള്ള കുടിവെള്ള വിതരണമാണ് മുടങ്ങിയത്.

തുടർച്ചയായി പൈപ്പ് പൊട്ടുന്നതിന്റെ കാരണം മനസിലാക്കി പരിഹാരംകാണാൻ വാട്ടർ അതോറി​റ്റി ഉദ്യോഗസ്ഥർ തയ്യാറാകുന്നില്ലെന്ന് ആരോപണമുണ്ട്. മൂന്നുമാസം മുമ്പ് ഇതേസ്ഥലത്ത് പൈപ്പുപൊട്ടി വമ്പൻകുഴി രൂപപ്പെട്ടിരുന്നു. യാത്രക്കാർ നിരന്തരം അപകടത്തിൽപ്പെട്ടപ്പോൾ നാട്ടുകാരാണ് ഇവിടെ അപകട മുന്നറിയിപ്പ് സ്ഥാപിച്ചത്. ഒടുവിൽ, മണ്ണും മെറ്റലുമിട്ട് വാട്ടർ അതോറി​റ്റി കുഴിനികത്തിയെടുത്തു. ഇതിന് സമീപം സ്ഥാപിച്ചിരുന്ന കുടിവെള്ളടാപ്പ് ഒരുവർഷം മുമ്പ് വാഹനാപകടത്തിൽ തകർന്നിരുന്നു. അവിടെ ഇപ്പോഴും കുടിവെള്ളം പാഴായിക്കൊണ്ടിരിക്കുകയാണ്. ചൂണ്ടി വാട്ടർ അതോറി​റ്റി ഓഫീസിൽ രേഖാമൂലം പരാതി നൽകിയിട്ടും കുടിവെള്ളം ഒഴുകിപ്പോകുന്നത് പരിഹരിക്കാൻ ഉദ്യോഗസ്ഥർ തയ്യാറായിട്ടില്ല. ഇവിടെ വളരെയേറെ തിരക്ക് അനുഭവപ്പെടുന്നതിനിടയിൽ അടിക്കടി പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നതിനെക്കുറിച്ച് അന്വേഷണം നടത്തി പൈപ്പ് പുനഃസ്ഥാപിക്കാൻ നടപടിയെടുക്കണമെന്ന് ഗാന്ധിദർശൻ സമിതി ജില്ലാ പ്രസിഡന്റ് കെ.ഡി. ഹരിദാസ് ആവശ്യപ്പെട്ടു.