
കൊച്ചി: വിവരശേഖരണത്തിനായി അങ്കണവാടി ജീവനക്കാർക്ക് സർക്കാർ കൈമാറിയ കാസ്‌ഫോൺ ഇനി സൂപ്പർഫാസ്‌റ്റാകും. അടിക്കടിയുണ്ടായ സെർവർ തകരാർമൂലം ബുദ്ധിമുട്ടിലായിരുന്നു ജീവനക്കാർ. ഇക്കാര്യം ജനുവരി ഏഴിന് കേരളകൗമുദി പ്രസിദ്ധീകരിച്ചിരുന്നു.
വാർത്ത ശ്രദ്ധയിൽപ്പെട്ട സർക്കാർ കാസ് ഫോൺ സോഫ്റ്റ്‌വെയറായ പോഷൻ ട്രാക്കർ അപ്ഡേറ്റ് ചെയ്തു. വേർഷൻ 11.9 ആയാണ് ഉയർത്തിയത്. തുടക്കത്തിൽ കോം കെയർ എൽ.ടി.എസ് എന്ന സോഫ്റ്റ്‌വെയറായിരുന്നു. അങ്കണവാടി ജീവനക്കാരുടെ ദൈനംദിന പ്രവർത്തനങ്ങൾ സുഗുമമാക്കുക ലക്ഷ്യമിട്ട് 2019ലാണ് കാസ് ഫോണുകൾ വിതരണം ചെയ്തത്. കാസ് ഫോണുണ്ടെങ്കിലും അങ്കണവാടികളിലെ മാനുവൽ രജിസ്റ്ററിൽ കൃത്യമായി രേഖപ്പെടുത്തി വിവരങ്ങൾ സൂക്ഷിക്കുന്നുണ്ട്.
ഈ വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് വർക്കർമാർക്ക് പെർഫോമൻസ് അലവൻസ് നൽകിയിരുന്നത്. കാസ് ഫോൺ പണിമുടക്കിയത് അലവൻസിനെ ബാധിച്ചിരുന്നു. പ്രവർത്തനം സുഗമമായതോടെ പെർഫോമൻസ് അലവൻസ് ഇനി കൃത്യമായി ലഭിക്കും.
കാസ് ഫോൺ
അങ്കണവാടി ജീവനക്കാർ വർഷങ്ങളോളം വീടുകളിൽ സർവേ നടത്തി ശേഖരിച്ച വിവരങ്ങളാണ് കാസ് ഫോണിലുള്ളത്. പ്രതിരോധ കുത്തിവയ്പ് തുടങ്ങിയ കാര്യങ്ങളാണ് എഴുതി സൂക്ഷിക്കേണ്ടതിനൊപ്പം കാസ് ഫോണിലും അപ്‌ലോഡ് ചെയ്യേണ്ടത്. ഐ.സി.ഡി.എസ് ഓഫീസുകളിലെ നാഷണൽ ന്യൂട്രിഷ്യൻ മിഷൻ കോ-ഓർഡിനേറ്റർമാർക്കാണ് വിവരങ്ങൾ കൈമാറേണ്ടത്. ഇതനുസരിച്ചാണ് പല പദ്ധതികളും തയ്യാറാക്കുന്നത്.
''കാസ് ഫോണിൽ തടസങ്ങൾ നീങ്ങിയതോടെ വിവരശേഖരണം എളുപ്പത്തിൽ ചെയ്യാൻ സാധിക്കുന്നുണ്ട്""
ബേബി,
അങ്കണവാടി വർക്കർ