അങ്കമാലി: തുറവൂർ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ ഓക്സിജൻ ബെഡുകളുടെ പ്രവർത്തനമാരംഭിച്ചു. ജില്ലാപഞ്ചായത്ത് ഫണ്ട് 4.85 ലക്ഷം രൂപ ചെലവഴിച്ചാണ് സ്ത്രീ-പുരുഷ രണ്ട് വാർഡുകളിൽ 40 ബെഡുകൾ പ്രവർത്തിക്കുന്നത്. കുടുംബാരോഗ്യ കേന്ദ്രത്തിന്റെ വികസനത്തിന് വേണ്ടി 60 ലക്ഷം രൂപയാണ് ഗ്രാമപഞ്ചായത്ത് വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി ചെലവ് ചെയ്യുന്നത്. ഹോമിയോപ്പതി, ആയുർവ്വേദം, അലോപ്പതി എന്നീ വിഭാഗങ്ങൾക്ക് മരുന്നിന് മാത്രം 19 ലക്ഷം രൂപ ചെലവിടുന്നു. ബ്ലോക്ക് പഞ്ചായത്തും ഗ്രാമ പഞ്ചായത്തും സംയുക്തമായി ഒരു ആംബുലൻസ് വാങ്ങുന്നതിന് നടപടികൾ പൂർത്തിയായി.ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ഓക്സിജൻ ബെഡിന്റെ പ്രവർത്തനോദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിനി രാജീവ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോർജ്ജ്, ജില്ല പഞ്ചായത്ത് അംഗം അനിമോൾ ബേബി, ബ്ലോക്ക് പഞ്ചായത്ത് അംഗം സീലിയ വിന്നി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റോയി സെബാസ്റ്റ്യൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.പി മാർട്ടിൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സീന ജിജോ, പഞ്ചായത്ത് അംഗങ്ങളായ ഷിൻസി തങ്കച്ചൻ, എം.എം. പരമേശ്വരൻ, എം.എസ്. ശ്രീകാന്ത്, വി.വി. രജ്ഞിത്ത് കുമാർ,സിനി സുനിൽ, സാലി വിൽസൺ,മെഡിക്കൽ ഓഫീസർ അരുൺ ബി. കൃഷ്ണ എന്നിവർ പ്രസംഗിച്ചു.