ആലങ്ങാട്: ലോക്‌ഡൗണിൽ നിറുത്തിവച്ച സർവീസുകൾ പുനരാരംഭിക്കാത്തതിനാൽ പറവൂർ-ആലുവ കെ.എസ്.ആർ.ടി.സി റൂട്ടിൽ യാത്രാക്ലേശം അതിരൂക്ഷം. ആയിരക്കണക്കിനുപേർ ദിവസവും യാത്രചെയ്യുന്ന റൂട്ടിൽ കെ.എസ്.ആർ.ടി.സി മാത്രമാണുള്ളത്.
ലോക്‌ഡൗൺ കഴിഞ്ഞ് സ്‌കൂളുകളും സ്ഥാപനങ്ങളും തുറന്നെങ്കിലും ആവശ്യത്തിന് ബസ് സർവീസുകൾ ഇല്ലാത്തത് തിരിച്ചടിയാകുന്നു. രാവിലെയും വൈകിട്ടും നൂറുകണക്കിന് യാത്രക്കാരാണ് എല്ലാ സ്‌റ്റോപ്പിലും ബസ് കാത്തുനിന്ന് വലയുന്നത്. മണിക്കൂറുകൾ കാത്തുനിന്ന് ബസ് എത്തിയാലും കാലുകുത്താൽ ഇടമില്ലാത്ത സ്ഥിതിയിലാവും. വിദ്യാർത്ഥികൾക്ക് കൃത്യസമയത്ത് സ്‌കൂളുകളിൽ എത്താനാവുന്നില്ല.
പലപ്പോഴും ഓട്ടോറിക്ഷകളിൽ കുട്ടികളെ സ്‌കൂളിൽ എത്തിക്കേണ്ട അവസ്ഥയിലാണ് മാതാപിതാക്കൾ. ബസ് സർവീസുകൾ പുനരാരംഭിക്കണമെന്നും കൂടുതൽ ഷട്ടിൽ സർവീസ് ഏർപ്പെടുത്തി യാത്രാക്ലേശം പരിഹരിക്കണമെന്നും ആലങ്ങാട് കരുമാല്ലൂർ മേഖല റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് പി.എസ്. സുബൈർ ഖാൻ ആവശ്യപ്പെട്ടു.