ആലുവ: ഹൈക്കോടതി ഉത്തരവനുസരിച്ച് പൊലീസ് സംരക്ഷണം ലഭിച്ചെങ്കിലും ശിവരാത്രിയോടനുബന്ധിച്ച് ആലുവ മണപ്പുറത്തെ ബലിത്തറകളുടെ ലേലം പുരോഹിതന്മാർ ബഹിഷ്കരിച്ചതിനെ തുടർന്ന് മൂന്നാമതും മുടങ്ങി. രാവിലെ 10 മുതൽ മണപ്പുറം ദേവസ്വം ഹാളിലായിരുന്നു ലേലം നിശ്ചയിച്ചിരുന്നത്.
നിശ്ചയിച്ച സമയത്തിനുള്ളിൽ ലേലത്തിൽ പങ്കെടുക്കാനെത്തിയത് ആറ് പേരാണ്. ഇതുവരെ ആകെ എട്ട് തറകളാണ് നൽകിയത്. എ,ബി,സി എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായി 148 തറകളാണ് ലേലത്തിനായി പരിഗണിച്ചിരുന്നത്. അർച്ചക് പുരോഹിത് സഭയുടെ ബഹിഷ്കരണ ആഹ്വാനം മറികടന്ന് ഇന്നലെയെത്തിയ ആറ് പുരോഹിതന്മാരും ബി കാറ്റഗറിയിലെ തറകളാണ് അടിസ്ഥാന വിലയിൽ നിന്നും 150 രൂപ വരെ ഉയർത്തിയെടുത്തത്.
കഴിഞ്ഞ 15 നും 16നും നടന്ന ലേലം അമിത നിരക്കും ജി.എസ്.ടി.യും ആരോപിച്ച് പുരോഹിതന്മാർ ബഹിഷ്കരിച്ചിരുന്നു. ഇത് സംബന്ധിച്ച് 17ന് 'കേരളൗകമുദി' വാർത്തയെ തുടർന്ന് ഹൈക്കോടതി സ്വമേധയ കേസെടുക്കുകയും പൊലീസ് സംരക്ഷണം നൽകാൻ ഇടക്കാല ഉത്തരവിടുകയുമായിരുന്നു. ബഹിഷ്കരിക്കാൻ തീരുമാനിച്ച അർച്ചക് പുരോഹിത് സഭയുടെ അംഗങ്ങളാരും ലേല സ്ഥലത്തോ മണപ്പുറത്തോ എത്തിയില്ല. വൈക്കം ഗ്രൂപ്പ് ദേവസ്വം ഡെപ്യൂട്ടി കമ്മിഷണർ കെ. ശ്രീലത, അസി. കമ്മിഷണർ ശ്രീധര ശർമ്മ, മണപ്പുറം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഒ.ജി. ബിജു എന്നിവരുടെ നേതൃത്വത്തിലായിരുന്നു ലേല നടപടികൾ.
കോടതിക്ക് റിപ്പോർട്ട് നൽകി:
ബലിത്തറ ലേലം പുരോഹിതന്മാർ ബഹിഷ്കരിച്ച സാഹചര്യം വിശദീകരിച്ച് ഹൈക്കോടതി ദേവസ്വം ബെഞ്ചിനും ദേവസ്വം ബോർഡിനും റിപ്പോർട്ട് നൽകിയെന്ന് മണപ്പുറം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഒ.ജി. ബിജു അറിയിച്ചു. ദൂരെ സ്ഥലങ്ങളിൽ നിന്നും ലേലത്തിൽ പങ്കെടുക്കാനെത്തിയവരെ ചിലർ പിന്തിരിപ്പിച്ച് പറഞ്ഞയച്ചതായും എ.ഒ ആരോപിച്ചു.
അടിസ്ഥാന നിരക്ക് കുറയ്ക്കണമെന്ന്
അർച്ചക് പുരോഹിത് സഭ
ബലിത്തറകളുടെ അടിസ്ഥാന ലേലത്തുക കുറച്ചാൽ ലേലത്തിൽ പങ്കെടുക്കുമെന്ന് അർച്ചക് പുരോഹിത് സഭ ആലുവ മണ്ഡലം സെക്രട്ടറി പാനായിക്കുളം രാധാകൃഷ്ണ വാദ്ധ്യാർ പറഞ്ഞു. 2020ലെ ബലിത്തറ ലേല നിരക്ക് അടിസ്ഥാനനിരക്കായി നിശ്ചയിച്ചത് നീതികേടാണ്. കൊവിഡ് മാനദണ്ഡമുള്ളതിനാൽ ഭക്തരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടാകും. ഇത് പരിഗണിച്ച് മാത്രമെ അടിസ്ഥാന വില നിശ്ചയിക്കാവൂ. ഇക്കാര്യത്തിൽ ദേവസ്വം ബോർഡ് തുറന്ന ചർച്ചയ്ക്ക് വേദിയൊരുക്കണം.
നഗരസഭയ്ക്ക്
വ്യാപാരമേളയ്ക്ക് അനുമതിയില്ല
ശിവരാത്രിയോടനുബന്ധിച്ച് മണപ്പുറത്ത് വ്യാപാരമേള സംഘടിപ്പിക്കാൻ നഗരസഭയ്ക്ക് ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചപ്പോൾ, ദേവസ്വം ബോർഡ് നാല് ദിവസത്തേക്ക് മണപ്പുറത്ത് വ്യാപാരമേളയ്ക്ക് സൗകര്യം നൽകുന്നു. ഇതിന്റെ ഭാഗമായി 31 സ്റ്റാളുകൾക്ക് സ്ഥലം ലേലം ചെയ്ത് നൽകാനാണ് ദേവസ്വം ബോർഡിന്റെ തീരുമാനം. ഇന്നലെ ആറ് സ്റ്റാളുകൾക്ക് ലേലം ചെയ്ത് നൽകിയതോടെ ഇതിനകം 21 സ്റ്റാളുകൾ ലേലത്തിൽ പോയി. ഇതിലൂടെ മാത്രം ബോർഡിന് 4.17 ലക്ഷത്തോളം രൂപ ലഭിച്ചിട്ടുണ്ട്.
സധാരണ നഗരസഭ മണപ്പുറത്ത് സംഘടിപ്പിക്കുന്ന ഒരു മാസം നീണ്ടുനിൽക്കുന്ന വ്യാപാരമേളയിലൂടെ 30 ലക്ഷം രൂപ വരെ ലാഭം ലഭിച്ചിട്ടുണ്ട്. കൊവിഡിനെ തുടർന്ന് 2021ലും ഇക്കുറിയും ജില്ലാ ഭരണകൂടം വ്യാപാരമേളക്ക് അനുമതി നൽകിയിരുന്നില്ല.