കൊച്ചി: വടുതല മേല്പാലത്തിന് ഭൂമി ഏറ്റെടുക്കുന്നതിന് മുന്നോടിയായി പ്രാഥമികവിജ്ഞാപനം ഈമാസം തയ്യാറാകും. മാർച്ച് ആദ്യവാരം വിജ്ഞാപനം പ്രസിദ്ധീകരിക്കുമെന്ന് റവന്യു വകുപ്പ് അധികൃതർ അറിയിച്ചു. തുടർന്ന് സർവേയും കെട്ടിടങ്ങളുടെ മൂല്യനിർണ്ണയവും നടക്കും. പദ്ധതിക്കായി വടുതലയിൽ നിന്ന് ഏറ്റെടുക്കേണ്ട കെട്ടിടങ്ങൾ കഴിഞ്ഞയാഴ്ച റവന്യുവകുപ്പ് ഉദ്യോഗസ്ഥർ പരിശോധിച്ചിരുന്നു. പദ്ധതിയുടെ സാമൂഹികാഘാതപഠനവും ജനഹിതമറിയലും നേരത്തെ പൂർത്തിയാക്കിയിരുന്നു. പദ്ധതിക്കായി 45 ഉടമകളിൽ നിന്നായി ഒന്നര ഏക്കറോളം ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. കിഫ്‌ബി വഴി 47.72 കോടി രൂപ നേരത്തെ അനുവദിച്ചിട്ടുണ്ട്.

കഴിഞ്ഞയാഴ്ച ടി.ജെ. വിനോദ് എം.എൽ.എയുടെ നേതൃത്വത്തിൽ പദ്ധതിയുടെ പുരോഗതി വിലയിരുത്താൻ കളക്‌ടറേറ്റിൽ യോഗം ചേർന്നിരുന്നു. കളക്ടർ ജാഫർ മാലിക്, റോഡ്‌സ് ആൻഡ് ബ്രിഡ്‌ജസ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ (ആർ.ബി.ഡി.സി ), പി.ഡബ്ള്യു.ഡി ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

 പദ്ധതി നടത്തിപ്പ് ആർ.ബി.ഡി.സി.കെ

സാമൂഹ്യാഘാത പഠനത്തിന്റെ ഭാഗമായി സ്ഥലം വിട്ടുനൽകേണ്ടിവരുന്ന നാട്ടുകാരുടെ നിർദ്ദേശങ്ങളും പരാതികളും ശേഖരിച്ചിരുന്നു. പദ്ധതിയുടെ നടത്തിപ്പുചുമതലയുള്ള ആർ. ബി. ഡി. സിയുടെയും റവന്യുവകുപ്പ് ഉദ്യോഗസ്ഥരുടെയും മേൽനോട്ടത്തിലായിരുന്നു നടപടിക്രമങ്ങൾ. പാലത്തിനായി വിട്ടുകൊടുക്കുന്നതിൽ ബാക്കിയുള്ള ഭാഗത്ത് നിർമ്മാണം നടത്താൻ കെട്ടിടനിർമ്മാണച്ചട്ടങ്ങളിൽ ഇളവു നൽകണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. സർവേ നടപടികൾ പൂർത്തീകരിച്ചാൽ മാത്രമേ ഓരോരുത്തർക്കും എത്രത്തോളം സ്ഥലം നഷ്ടമാകുമെന്ന് തിട്ടപ്പെടുത്താനാകൂ. കടകളും വ്യാപാരസ്ഥാപനങ്ങളും വിട്ടുനൽകുമ്പോൾ ഉപജീവനമാർഗമാണ് നഷ്ടപ്പെടുന്നത്. ഇത് കണക്കാക്കി നഷ്ടപരിഹാരം നൽകണമെന്നാണ് ആവശ്യം. തൃക്കാക്കര ഭാരതമാതാ കോളേജ് എം.എസ്. ഡബ്ല്യു വിഭാഗമാണ് സാമൂഹ്യാഘാത പഠനം നടത്തിയത്.

 റെയിൽവേ അംഗീകരിച്ചു

2017 ൽ മേല്പാല നിർമ്മാണത്തിന് അംഗീകാരം ലഭിച്ചെങ്കിലും നിരവധി പ്രതിസന്ധികൾ ഉയർന്നു. ഷൊർണൂർ- എറണാകൂളം പാത ഇരട്ടിപ്പിക്കലിന് അനുബന്ധമായി മേല്പാലത്തിന്റെ രൂപരേഖയിലും മാറ്റം വരുത്തണമെന്ന് റെയിൽവേയുടെ നിർദ്ദേശിച്ചു. തുടർന്ന് രൂപരേഖ പരിഷ്കരിച്ചു. ഇതിന് റെയിൽവേയുടെ അംഗീകാരം ലഭിച്ചു.