ചോറ്റാനിക്കര: മുളന്തുരുത്തി ജില്ലാ സാമൂഹ്യനീതി ഓഫീസിന്റെ ആഭിമുഖ്യത്തിൽ കോട്ടയം പാർലമെന്റ് മണ്ഡലത്തിൽ ഉൾപ്പെടുന്ന ഭിന്നശേഷിക്കാർക്ക് സൗജന്യ ഉപകരണങ്ങൾ നൽകുന്നതിനുള്ള മെഡിക്കൽ അസസ്മെന്റ് ക്യാമ്പ് മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്തിൽ 25ന് നടക്കും.
ആമ്പല്ലൂർ സെന്റ് ഫ്രാൻസിസ് അസീസി ചർച്ച് ഹാളിൽ നടക്കുന്ന ക്യാമ്പിൽ തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയിലെ 13 വാർഡുകളിലെ ഗുണഭോക്താക്കൾ പങ്കെടുക്കും. സാമൂഹ്യനീതി വകുപ്പിന്റെ പാർലമെന്റ് കമ്മിറ്റി മെമ്പർ കൂടിയായ കോട്ടയം എം.പി. തോമസ് ചാഴികാടന്റേയും ജില്ലാ കളക്ടറുടെയും നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ക്യാമ്പ്. 40 ശതമാനമോ അതിൽ കൂടുതലോ ഭിന്നശേഷി ഉണ്ട് എന്ന സർട്ടിഫിക്കറ്റ് കയ്യിലുള്ളവർ, ബി.പി.എൽ വിഭാഗത്തിൽപെട്ടവർ, 15000 രൂപയിൽ കൂടുതൽ വരുമാനമില്ലാത്ത എ.പി.എൽ വിഭാഗത്തിൽപെട്ടവർ എന്നിവർക്ക് പങ്കെടുക്കാം.
രാവിലെ 9.30 നു കോട്ടയം എം.പി തോമസ് ചാഴികാടൻ ക്യാമ്പ് ഉദ്‌ഘാടനം ചെയ്യും. ക്യാമ്പ് നടത്തിപ്പ് സംബന്ധിച്ച് ബ്ലോക്ക് പഞ്ചായത്തിൽ നടന്ന ആലോചനാ യോഗത്തിൽ തൃപ്പൂണിത്തുറ നഗരസഭ ചെയർപേഴ്‌സൺ രമ സന്തോഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു പി. നായർ, എടക്കാട്ടുവയൽ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ജയകുമാർ, മണീട് പഞ്ചായത്ത് പ്രസിഡന്റ് വി.ജെ. ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ജൂലിയറ്റ് ടി. ബേബി, ബി.ഡി.ഒ കെ.എച്ച്. നാസർ, സി.ഡി.പി.ഒമാരായ ഡിഫ്‌ന ഡിക്രൂസ്, സൗമ്യ എം. ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.
സർട്ടിഫിക്കറ്റുകൾ വേണം
മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ്, സാമൂഹ്യ നീതി വകുപ്പിൽ നിന്നുള്ള ഐ.ഡി കാർഡ്, വരുമാന സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവയും ഹാജരാക്കണം. തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയിലെ കോട്ടയം പാർലമെന്റിൽ പെടുന്ന പതിമൂന്നു വാർഡുകളും ചോറ്റാനിക്കര, മണീട് പഞ്ചായത്തുകളിൽ നിന്നുള്ളവർ രാവിലെ 9.30 മുതൽ 11 വരെയും മുളന്തുരുത്തി, ആമ്പല്ലൂർ, എടക്കാട്ടുവയൽ പഞ്ചായത്തിൽ നിന്നുള്ളവർ 11 മുതൽ 2 മണി വരെയും ക്യാമ്പിൽ എത്തണം.