
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ മൊഴിയെടുക്കാൻ ദിലീപിന്റെ അഭിഭാഷകൻ ബി. രാമൻപിള്ളയ്ക്ക് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയ നടപടിയിൽ അഭിഭാഷകരുടെ വ്യാപക പ്രതിഷേധം. അതേസമയം, അഡ്വ. രാമൻപിള്ള നൽകിയ മറുപടിയെത്തുടർന്ന് മൊഴി രേഖപ്പെടുത്തുന്ന നടപടി മാറ്റിവയ്ക്കുകയാണെന്ന് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എസ്. അമ്മിണിക്കുട്ടൻ വ്യക്തമാക്കി. ഇത് രേഖാമൂലം രാമൻപിള്ളയെ അറിയിച്ചു.
സീനിയർ അഭിഭാഷകനായ ബി. രാമൻപിള്ളയ്ക്ക് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയതിൽ പ്രതിഷേധിച്ച് ഇന്നലെ ഉച്ചയ്ക്ക് കേരള ഹൈക്കോർട്ട് അഡ്വക്കേറ്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ അഭിഭാഷകർ ഹൈക്കോടതിയുടെ പോർട്ടിക്കോവിൽ പ്രതിഷേധം സംഘടിപ്പിച്ചു. നോട്ടീസ് നൽകിയ നടപടിയിൽ കേരള ഹൈക്കോർട്ട് സീനിയർ അഡ്വക്കേറ്റ്സ് അസോസിയേഷൻ എക്സിക്യുട്ടീവ് കമ്മിറ്റി യോഗം ചേർന്ന് പ്രതിഷേധിച്ചു. ക്രൈംബ്രാഞ്ചിന്റെ നടപടി അഭിഭാഷകന്റെ അവകാശം തടസ്സപ്പെടുത്തുന്നതാണെന്ന് കേരള ബാർ കൗൺസിൽ ചെയർമാൻ അഡ്വ. കെ.എൻ. അനിൽകുമാർ അഭിപ്രായപ്പെട്ടു. ബാർ കൗൺസിലിന്റെ അടുത്ത യോഗത്തിൽ ഇക്കാര്യം ചർച്ചചെയ്ത് മേൽനടപടി സ്വീകരിക്കും.
നോട്ടീസ് നിയമവിരുദ്ധമെന്ന്
നടിയെ ആക്രമിച്ച കേസിൽ അഡ്വ.ബി.രാമൻപ്പിള്ളയെ മൊഴി രേഖപ്പെടുത്തുന്നതിന് വിളിച്ചുവരുത്താൻ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി അയച്ച നോട്ടീസ് നിയമവിരുദ്ധമാണെന്ന് ട്രിവാൻഡ്രം ബാർ അസോസിയേഷൻ മാനേജിംഗ് കമ്മിറ്റി യോഗം വിലയിരുത്തി. അഭിഭാഷകന്റെ തൊഴിലിനെ ബാധിക്കുന്ന തരത്തിൽ ഇടപെടാൻ പൊലീസിന് അധികാരമില്ല. രാമൻപ്പിളളയ്ക്ക് ബാർ അസോസിയേഷൻ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. നോട്ടീസ് ഉടൻ പിൻവലിക്കണമെന്ന് അസോസിയേഷൻ പ്രസിഡന്റ് ആനയറ ഷാജി, സെക്രട്ടറി പ്രിജസ് ഫാസിൽ എന്നിവർ ആവശ്യപ്പെട്ടു.