കൊച്ചി: ഫാക്ട് റിട്ടയേർഡ് എംപ്ലോയീസ് അസോസിയേഷന്റെ 17 വർഷത്തെ നിയമ പോരാട്ടത്തിന് വിജയം. 1997 ജനുവരി 1 മുതൽ 2001 ജൂൺ 30 വരെ ജോലി ചെയ്തതിന്റെ ശമ്പള കുടിശിക നൽകാൻ ഇന്നലെ സുപ്രീം കോടതി വിധിച്ചു. ഹൈക്കോടതി സിംഗിൾ ബെഞ്ചും ഡിവിഷൻ ബെഞ്ചും ജീവനക്കാർക്ക് അനുകൂലമായി വിധി പറഞ്ഞിട്ടും മാനേജ്മെന്റ് സുപ്രീം കോടതിയിൽ അപ്പീൽ നൽകിയതിനാൽ ആനുകൂല്യം നൽകൽ നീണ്ടു പോവുകയായിരുന്നു. ആയിരത്തോളം പേർ ഇതിനകം മരിച്ചു. 70 നും 85 നും ഇടയ്ക്ക് പ്രായമുള്ളവരാണ് സമരം നയിച്ചത്.

* സുപ്രീം കോടതി വിധി

1997 മുതൽ 2003 വരെ പിരിഞ്ഞു പോയവർക്ക് ഈ സാമ്പത്തിക വർഷം കുടിശിക പൂർണ്ണമായും നൽകണം. 2004 മുതൽ 2013 വരെ പിരിഞ്ഞവർക്ക് 2023 സാമ്പത്തിക വർഷവും 2014 നു ശേഷമുള്ളവർക്ക് 2024 സാമ്പത്തിക വർഷവും കുടിശിക ലഭിക്കും.

24 വർഷത്തെ സംഘടിതമായ ചെറുത്തുനില്പിന്റെ വിജയമാണിതെന്ന് അസോസിയേഷൻ നേതാക്കളായ ദേവസിക്കുട്ടി പടയാട്ടിൽ, ഡി. ഗോപിനാഥൻ നായർ, പി.എസ്. അഷറഫ് എന്നിവർ പറഞ്ഞു. പിരിഞ്ഞു പോയതും സർവ്വീസിലുള്ളതുമായ 7000-ാളം പേർക്ക് ഗുണം ലഭിക്കും. 88 കോടി രൂപയോളം രൂപ കുടിശിക തീർക്കാൻ വേണ്ടി വരും.