k-fon

കൊച്ചി: കേരളത്തിന്റെ അഭിമാന പദ്ധതിയായ കെ-ഫോണിന്റെ 50 ശതമാനം ജോലികൾ പൂർത്തിയാക്കിയെന്ന് സർക്കാർ. 2017ൽ ഭരണാനുമതിയായ പദ്ധതിക്ക് ഇതുവരെ 106 കോടി രൂപ ചെലവാക്കിയെന്നും 3,019 ഇന്റർനെറ്റ് കണക്‌ഷനുകൾ നൽകിയെന്നും വിവരാവകാശ പ്രവർത്തകൻ എം.കെ. ഹരിദാസിന് നൽകിയ മറുപടിയിൽ ഇൻഫർമേഷൻ ടെക്‌നോളജി ഇൻഫ്രാസ്ട്രക്ചർ വിഭാഗം വ്യക്തമാക്കി.

35,000 കിലോമീറ്റർ കേബിൾ ഇടാൻ നിശ്ചയിച്ചതിൽ 15,129.5 കിലോമീറ്റർ പൂർത്തിയാക്കി. ഇലക്ട്രിക്കൽ ഉപകരണങ്ങൾ തദ്ദേശീയമായി നിർമ്മിച്ചതാണ്. ഉപകരണങ്ങൾ നൽകുന്നത്- ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡാണ്

ലക്ഷ്യം
രണ്ടാം പിണറായി സർക്കാരിന്റെ നൂറുദിന പദ്ധതിയുടെ ഭാഗമായി 140 മണ്ഡലങ്ങളിലും 100 കുടുംബങ്ങൾക്ക് വീതവും 30,000 സർക്കാർ ഓഫീസുകൾക്കും സൗജന്യ ഇന്റർനെറ്റ് കണക്‌ഷൻ.


ഭരണാനുമതി - 2017 മേയ് 18
നെറ്റ്‌വർക്ക് ഓപ്പറേറ്റിംഗ് സെന്റർ - 100%
പോയിന്റ് ഓഫ് പ്രസൻസ് (പി.ഒ.പി)- 30%

സർക്കാരിന്റെ വലിയ നേട്ടം: മന്ത്രി

പാവപ്പെട്ട കുടുംബങ്ങൾക്ക് പ്രയോജനപ്പെടുന്ന പദ്ധതി അതിവേഗം മുന്നോട്ട് പോകുന്നതായി വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി 'കേരളകൗമുദിയോട്" പറഞ്ഞു. കൊവിഡ് പ്രതിസന്ധിയിലും 50ശതമാനം പൂർത്തിയാക്കിയത് നേട്ടമാണ്. ബാക്കി 50 ശതമാനം അതിവേഗം പൂർത്തിയാക്കും. സർക്കാരിന്റെ ഏറ്റവും വലിയ നേട്ടമാകും കെ ഫോൺ.