crime-agnist-child

കാക്കനാട് /കോലഞ്ചേരി: ക്രൂരമർ‌ദ്ദനത്തിന് ഇരയായി കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രണ്ടര വയസുകാരിയുടെ ആരോഗ്യനിലയിൽ പുരോഗതി. ശരീരോഷ്മാവും ഹൃദയമിടിപ്പും രക്തസമ്മ‌‌ർദ്ദവും സാധാരണ നിലയിലായി. തലച്ചോറിലെ നീ‌ർക്കെട്ട് കുറയാനും അപസ്മാരം വരാതിരിക്കാനും മരുന്ന് നൽകിവരികയാണ്. തലയിലെ രക്തസ്രാവം കുറഞ്ഞിട്ടുണ്ട്. സുഷുമ്നാ നാഡിയോട് ചേർന്നുള്ള ഭാഗത്ത് രക്തസ്രാവമുണ്ടെന്ന് സ്കാനിംഗിൽ കണ്ടെത്തി. ഇതിനുള്ള ചികിത്സ ആരംഭിച്ചു. അടുത്തദിവസം കുട്ടിയെ വെന്റിലേറ്ററിൽനിന്ന് മാറ്റാനാകുമെന്ന പ്രതീക്ഷയിലാണ് ഡോക്ടമാർ.

ഒഴിയാതെ ദുരൂഹത

കുട്ടിക്ക് എങ്ങനെയാണ് പരിക്കേറ്റതെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം കണ്ടെത്താനായിട്ടില്ല. മാതാവ് സൗമ്യയും അമ്മൂമ്മ സരസുവും മാനസികവിഭ്രാന്തിയുള്ളവരെപ്പോലെ പെരുമാറുന്നു. മൊഴി പരസ്പരവിരുദ്ധവുമാണ്. അമ്മയുടെ സഹോദരി സ്മിത, ഇവരുടെ സുഹൃത്തും പുതുവൈപ്പ് സ്വദേശിയുമായ ആന്റണി ടിജിൻ എന്നിവരിലേക്ക് അന്വേഷണം നീണ്ടിട്ടുണ്ട്. കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം പുല‌ർച്ചെ രണ്ടോടെ സ്മിതയുടെ മകനുമായി ടിജിൻ സ്ഥലം വിട്ടതാണ് സംശയം ജനിപ്പിച്ചത്. ഫ്ളാറ്റു പൂട്ടി ഇറങ്ങിപ്പോകുന്നതിന്റെ വീഡിയോ പുറത്തു വന്നിട്ടുണ്ട്. ടിജിനെതിരെ നേരത്തെയും പരാതികളുണ്ട്. അയൽവാസികളുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന്, കുമ്പളത്ത് താമസിക്കുമ്പോൾ ഇയാൾ അറസ്റ്റിലായിട്ടുണ്ട്.

• ദേഹത്ത് ചിപ്പ്, വിവരങ്ങൾ ചോർത്തുന്നു

മകൾ ശരീരത്തിൽ സ്വയം മുറിവുകൾ വരുത്തിയതാണെന്നും കുട്ടിയുടെ ശരീരത്തിൽ പിതാവ് ചിപ്പ് ഘടിപ്പിച്ചിട്ടുണ്ടെന്നുമാണ് സൗമ്യ പൊലീസിനും ശിശുക്ഷേമ സമിതിക്കും മൊഴിനൽകിയത്. ചിപ്പ് വഴി വിവരങ്ങൾ ചോർത്തുകയാണ്. കുഞ്ഞിന് അമാനുഷിക ശക്തിയുണ്ടെന്നാണ് അമ്മയും അമ്മൂമ്മയും പറയുന്നത്. കുട്ടിയെ മന്ത്രവാദത്തിന് വിധേയമാക്കിയിട്ടുണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. അമ്മയ്‌ക്കെതിരെ ബാലാവകാശ നിയമ പ്രകാരം തൃക്കാക്കര പൊലീസ് കേസെടുത്തെങ്കിലും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.

• എടുത്തെറിഞ്ഞതോ?

എടുത്ത് എറിഞ്ഞാലുണ്ടാകും വിധമുള്ള പരിക്കുകളാണ് കുട്ടിക്കുള്ളത്. തലയ്ക്കും കഴുത്തിനും നട്ടെല്ലിനും കൈകൾക്കുമാണ് പരിക്ക്. ദേഹത്ത് പൊള്ളലേറ്റിട്ടുണ്ട്. അയൽവീടുകളുമായി അടുപ്പമില്ലാതിരുന്ന കുടുംബം രഹസ്യമായാണ് ആശുപത്രിയിൽ എത്തിച്ചത്.

അമ്മയുടെ മൊഴി പൂർണമായി വിശ്വസനീയമല്ല. കുട്ടികളുടെ മൊഴിയെടുക്കും. കുടുംബ പശ്ചാത്തലം പരിശോധിച്ച് വരികയാണ്.
സി.എച്ച്. നാഗരാജു
കമ്മിഷണർ
കൊച്ചി സിറ്റി പൊലീസ്‌

കുട്ടിയുടെ മാതാവും അമ്മൂമ്മയും മാനസികവിഭ്രാന്തിയുള്ളവരെ പോലെയാണ് പെരുമാറുന്നത്. ആരോഗ്യം വീണ്ടെടുത്തശേഷം കുട്ടിയുടെ മൊഴി രേഖപ്പെടുത്തും.
അഡ്വ. അരുൺകുമാർ
ജില്ലാ ഉപാദ്ധ്യക്ഷൻ
ശിശുക്ഷേമ സമിതി