
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണസംഘത്തെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾ ഫോണുകൾ കൈമാറിയത് വിവരങ്ങൾ നീക്കം ചെയ്ത് ശേഷമാണെന്ന് അന്വേഷണസംഘം ഹൈക്കോടതിയിൽ വ്യക്തമാക്കി.
നടിയെ ആക്രമിച്ച കേസിൽ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെത്തുടർന്ന് നടത്തുന്ന തുടരന്വേഷണം റദ്ദാക്കാൻ പ്രതി ദിലീപ് നൽകിയ ഹർജിയിലാണ് പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി.എ. ഷാജി ഇക്കാര്യം വിശദീകരിച്ചത്. ഫോണുകളിലെ വിവരങ്ങൾ ഡിലീറ്റ് ചെയ്തെങ്കിലും ചില നിർണായകവിവരങ്ങൾ തിരിച്ചെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. ദിലീപ്, സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് ടി.എൻ. സുരാജ്, ബന്ധുവായ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവർ അന്വേഷണസംഘത്തെ വകവരുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ പ്രതികളുടെ ഏഴ് മൊബൈൽഫോണുകൾ ഹാജരാക്കാൻ സിംഗിൾബെഞ്ച് നിർദ്ദേശിച്ചിരുന്നു. ഇതിനുശേഷമാണ് ഫോണിലെ വിവരങ്ങൾ നീക്കിയതെന്നും ഡി.ജി.പി വ്യക്തമാക്കി.
പ്രതികളുടെ ശബ്ദസാമ്പിളുകൾ ശേഖരിക്കാൻ കഴിഞ്ഞ ദിവസമാണ് കോടതിയുടെ അനുമതി ലഭിച്ചത്. ഇതിനുശേഷം പ്രതികളെ വീണ്ടും ചോദ്യം ചെയ്യണം. ഡിജിറ്റൽ തെളിവുകൾ പരിശോധിക്കണം. അന്വേഷണം അന്തിമഘട്ടത്തിലാണ്. 40 സാക്ഷികളുടെ മൊഴിരേഖപ്പെടുത്തി. ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ വിശ്വാസ്യത പരിശോധിച്ച് ഉറപ്പാക്കിയതാണെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി.
ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ പേരിൽ നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നീട്ടിക്കൊണ്ടു പോകാനാണ് തുടരന്വേഷണം നടത്തുന്നതെന്നും ഇത് റദ്ദാക്കി വിചാരണ തുടരാൻ ഹൈക്കോടതി നിർദ്ദേശിക്കണമെന്നും ദിലീപിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടു. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ദിലീപിന് ലഭിച്ചെന്ന് ബാലചന്ദ്രകുമാർ പറയുമ്പോൾ, ഇതാര് നൽകിയെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കോടതിയുടെ അനുമതിയോടെ നടക്കുന്ന തുടരന്വേഷണത്തിൽ ഇടപെടാൻ പ്രതിക്ക് അവകാശമില്ലെന്ന് ,കേസിൽ കക്ഷിചേർന്ന നടി വ്യക്തമാക്കി. അന്വേഷണം തടയരുതെന്നും നടിയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടു. നടിയുടെ വാദം തുടരാനായി ഹർജി വ്യാഴാഴ്ചത്തേക്ക് മാറ്റി.
അന്വേഷണം നീട്ടരുത്
കേസിൽ തുടരന്വേഷണം നീട്ടിക്കൊണ്ടുപോകുന്നത് അനുവദിക്കാനാവില്ലെന്നും വിചാരണക്കോടതി നിർദ്ദേശിച്ചത് പ്രകാരം മാർച്ച് ഒന്നിനകം അന്വേഷണം പൂർത്തിയാക്കിക്കൂടേയെന്നും സിംഗിൾബെഞ്ച് ചോദിച്ചു. അന്വേഷണം പൂർത്തിയാക്കാൻ സമയമെടുക്കുമെന്ന് പ്രോസിക്യൂഷൻ മറുപടി നൽകി. എത്രസമയം വേണമെന്നും കോടതി ചോദിച്ചു. തുടരന്വേഷണത്തിനായി രണ്ടു മാസം ലഭിച്ചില്ലേ ? ഈ കേസിന് എന്താണ് പ്രത്യേകതയെന്നും ആരാഞ്ഞു.