canals

കൊച്ചി: നീരൊഴുക്ക് തടസപ്പെട്ട് നിർജീവമായ തോടുകളെ പുനരുജ്ജീവിപ്പിക്കാൻ ജില്ലാഭരണകൂടം ആവിഷ്‌കരിച്ച 'ഓപ്പറേഷൻ വാഹിനി" ദൗത്യത്തിന് ഇന്നുതുടക്കം. മന്ത്രി പി. രാജീവ് ഓൺലൈനിൽ ഉദ്ഘാടനം ചെയ്യും.

തോടുകളുടെ സ്വഭാവിക ഒഴുക്ക് വീണ്ടെടുക്കുകയാണ് ലക്ഷ്യം. മഴ കനക്കുമ്പോൾ തോടുകൾ കവിഞ്ഞൊഴുകിയുണ്ടാകുന്ന നാശനഷ്ടങ്ങൾ കുറയ്ക്കാനും ലക്ഷ്യമിടുന്നപദ്ധതി അടുത്ത കാലവർഷത്തിന് മുമ്പ് പൂർത്തീകരിക്കും.

കൈവഴികളെല്ലാം നിറഞ്ഞു

പെരിയാറിന്റെയും മൂവാറ്റുപുഴയാറിന്റെയും കൈവഴികളെല്ലാം എക്കൽ, ചെളി, മണ്ണ്, മാലിന്യം എന്നിവയാൽ നിറഞ്ഞുവെന്നാണ് ജലസേചന വകുപ്പിന്റെ പഠന റിപ്പോർട്ട്. 2018ലെയും 19ലെയും പ്രളയങ്ങളും ഇതിനുകാരണങ്ങളാണ്.

ഇനി പുതുജീവൻ

പെരിയാർ, മൂവാറ്റുപുഴ നദികളിൽ നിന്നുതിരിഞ്ഞുപോകുന്ന ജില്ലയിലെ 193 കൈവഴികളും ഓപ്പറേഷൻ വാഹിനിയിലൂടെ പുനരുജ്ജീവിപ്പിക്കും.

3 മീറ്ററിൽ കൂടുതൽ വീതിയുള്ള തോടുകളാണ് പദ്ധതിയിൽ ഉൾപ്പെടുക.

പ്രവർത്തന ചുമതല
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക്. തൊഴിലുറപ്പ് തൊഴിലാളികളും പങ്കാളികളാകും.

58 തദ്ദേശ സ്ഥാപനങ്ങൾ
58തദ്ദേശ സ്ഥാപനങ്ങൾ പദ്ധതിയുടെ ഭാഗമാകും. ബന്ധപ്പെട്ട താലൂക്കുകളും ബ്ലോക്ക് പഞ്ചായത്തുകളും ഒപ്പമുണ്ടാകും.

പെരിയാർ തീരം

36 ഗ്രാമപഞ്ചായത്ത്
8 ബ്ലോക്ക് പഞ്ചായത്ത്
5 മുനിസിപ്പാലിറ്റികൾ

മൂവാറ്റുപുഴയാറിന്റെ തീരം

9 ഗ്രാമപഞ്ചായത്ത്
2 മുനിസിപ്പാലിറ്റി

നിരീക്ഷണ സമിതികൾ
ഒരേസമയം മുഴുവൻ തദ്ദേശ സ്ഥാപനങ്ങളിലും പ്രവർത്തനങ്ങൾ തുടങ്ങുന്ന രീതിയിലാണ് പദ്ധതി. മേൽനോട്ടത്തിന് തദ്ദേശ നിരീക്ഷണ സമിതികളുണ്ട്. കളക്ടറുടെ നേതൃത്വത്തിൽ ദൈനംദിന പുരോഗതി വിലയിരുത്തും.

മാലിന്യം തള്ളൽ വില്ലൻ
സ്വഭാവിക ഒഴുക്കിനെ തടസപ്പെടുന്നതിൽ മാലിന്യ നിക്ഷേപങ്ങളാണ് പ്രധാന കാരണം. പെരിയാറിന്റെ കൈവഴികളിൽ മാലിന്യ നിക്ഷേപം മൂലം ഒഴുക്ക് തടസപ്പെട്ട 106 കേന്ദ്രങ്ങളാണ് ജില്ലയിലുള്ളത്. പഞ്ചായത്തുകളിലെ തോടുകളിലും മാലിന്യ നിക്ഷേപമുണ്ട്. ഇതിൽ 15 കേന്ദ്രങ്ങളിൽ വ്യാവസായിക മാലിന്യങ്ങളാണ് നിറഞ്ഞിരിക്കുന്നത്.

കാടുപിടിച്ച പുഴ
പല കൈവഴികളും പുല്ലുകൾ നിറഞ്ഞ് കാടുപിടിച്ച നിലയിലാണ്. ഇതും നീരൊഴുക്കിനെ തടസപ്പെടുത്തുന്നു. പ്രത്യേക സംവിധാനങ്ങൾ ഉപയോഗിച്ച് ഇവ വൃത്തിയാക്കും.


കൊച്ചി നഗരത്തിലെ വെള്ളക്കെട്ടിനു പരിഹാരം കാണാൻ ജില്ലാ ഭരണകൂടം നടപ്പാക്കി വിജയം കണ്ട ഓപ്പറേഷൻ ബ്രേക്ക് ത്രൂവാണ് വാഹിനി പദ്ധതിയുടെ മാതൃക""
ബാജി ചന്ദ്രൻ,
സൂപ്രണ്ടിംഗ് എൻജിനീയർ,
ജലസേചന വകുപ്പ്