ആലുവ: കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് നിർധന കുടുംബനാഥൻ ചികിത്സ സഹായം തേടുന്നു. കുന്നത്തേരി നല്ലേപ്പിള്ളി വീട്ടിൽ എൻ.എസ്. മഹേന്ദ്രനാണ് (52) രണ്ട് വർഷമായി ഗുരുതരാവസ്ഥയിൽ കഴിയുന്നത്.
ഭാര്യയും രണ്ട് പെൺമക്കളും അമ്മയും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു ടൈൽസ് തൊഴിലാളിയായ മഹേന്ദ്രൻ. 2018ൽ പ്രളയാനന്തരം ആലുവ ടൗണിൽ ഭാര്യ സംഗീത നടത്തിയിരുന്ന ബ്യൂട്ടി പാർലർ വെള്ളം കയറി നശിച്ചതിന് തുടർന്ന് ലക്ഷങ്ങളുടെ കടക്കെണിയിലായി. വീടിന്റെ ആധാരം ആലുവ സെൻട്രൽ ബാങ്കിൽ പണയത്തിലാണ്. കുടിശികയെ തുടർന്ന് സ്ഥലം ജപ്തി ഭീഷണിയിലാണ്. മഹേന്ദ്രൻ രോഗബാധിതനായതിനെ തുടർന്ന് ജോലിക്ക് പോകുന്നില്ല. ബന്ധുമിത്രാധികളുടെ സഹായത്താലാണ് കുടുംബം ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്. കരൾ മാറ്റ ശസ്ത്രക്രിയ മാത്രമാണ് ജീവൻ രക്ഷിക്കാൻ ഏകമാർഗമെന്നാണ് വിദഗ്ദ്ധ ഡോക്ടർമാർ പറയുന്നത്. ഏകദേശം 50 ലക്ഷം രൂപ ചികിത്സയ്ക്കായി വേണ്ടിവരും. മഹേന്ദ്രന്റെ മറ്റൊരു സഹോദരനും ഗുരുതരമായ രോഗം ബാധിച്ചതിനെ തുടർന്ന് വെല്ലൂർ ആശുപത്രിയിൽ ദീർഘനാളായി ചികിത്സയിലാണ്. അൻവർ സാദത്ത് എം.എൽ.എ, ചൂർണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ് എന്നിവർ രക്ഷാധികാരികാളയും പഞ്ചായത്ത് അംഗം കെ.കെ. ശിവാനന്ദൻ ചെയർമാനായും പഞ്ചായത്ത് അംഗം മെമ്പർ കെ. ദിലീഷ് കൺവീനറുമായി 51 അംഗ ചികിത്സ സഹായ സമിതി രൂപീകരിച്ചിട്ടുണ്ട്. ഐ.ഡി.ബി.ഐ ബാങ്കിന്റെ ഇടപ്പിള്ളി ബ്രാഞ്ചിൽ ചികിത്സ സഹായ സമിതിയുടെയും മഹേന്ദ്രന്റെ ഭാര്യ സംഗീതയുടെയും പേരിൽ ജോയിന്റ് അക്കൗണ്ടും തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 1058104000150347. ഐ.എഫ്.എസ്.സി കോഡ്: IBKL0001058.