പള്ളുരുത്തി: തോപ്പുംപടി ഔവർ ലേഡീസ് കോൺവെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ഹൗസ് ചലഞ്ച് പദ്ധതിയിലൂടെ കോൺഫിഡന്റ് ഗ്രൂപ്പിന്റെ സഹായത്തോടെ നിർമ്മിച്ച ആദ്യ സ്റ്റിൽറ്റ് ഹൗസിന്റെ താക്കോൽ ദാനം ജസ്റ്റിസ് ദേവൻരാമചന്ദ്രൻ നിർവഹിച്ചു.
പല തരം ചലഞ്ചുകൾ നമ്മൾ കേട്ടിട്ടുണ്ടെങ്കിലും ആദ്യമായാണ് ഹൗസ് ചലഞ്ചുമായി സി.ലിസി ചക്കാലക്കൽ എത്തുന്നത്.അതിൽ അതിയായ സന്തോഷമുണ്ടെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. വസ്ത്രങ്ങൾ, ഭക്ഷണം എന്നീ ചലഞ്ചുകളിൽ നിന്നും ഏറെ ദൂരം മുന്നിലാണ് ഹൗസ് ചലഞ്ച്. ഇതിന് ചുക്കാൻ പിടിച്ചവർക്ക് നന്ദി അറിയിച്ചും ഈ പരിപാടിയിൽ പങ്കെടുക്കാൻ കഴിഞ്ഞതിലും ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ സി. ലിസി ചക്കാലക്കൽ അദ്ധ്യക്ഷത വഹിച്ചു. കോൺഫിഡന്റ് ഗ്രൂപ്പ് എം.ഡി ടി.എ. ജോസഫ് മുഖ്യാതിഥിയായിരുന്നു. ചെല്ലാനം പഞ്ചായത്ത് പ്രസിഡന്റ് കെ.എൽ. ജോസഫ്, രാജഗിരി എൻജിനീയറിംഗ് കോളേജ് വൈസ് പ്രിൻസിപ്പൽ ഫാ. ജെയ്സൺ മുളരിക്കൽ, കോൺഫിഡന്റ് ഗ്രൂപ്പ് ഡയറക്ടർ ജോയ് തുളുവത്ത്, ബേബി മെറൈൻ ഇന്റർനാഷണൽ എം.ഡി. രൂപ ജോർജ്, വാർഡ് അംഗം പയസ് ആന്റണി, കണ്ടക്കടവ് ഇടവക സഹവികാരി ഫാ. ജോസ് പ്രമോദ്, പി.ടി.എ പ്രസിഡന്റ് ജോസഫ് സുമിത്, അദ്ധ്യാപക പ്രതി നിധികളായ ലില്ലി പോൾ, റോജി സുമിത് തുടങ്ങിയവർ പ്രസംഗിച്ചു.
കണ്ടക്കടവ് വിനീഷ് ജോസഫിനും കുടുംബത്തിനുമാണ് ഈ വീട് കൈ മാറിയത്. വിനിഷിന്റെ ഏക മകൾ ഔവർലേഡിസ് സ്കൂൾ വിദ്യാർത്ഥിനിയാണ്. ചെല്ലാനത്ത് നിർമ്മിക്കുന്ന ആദ്യ സ്റ്റിൽറ്റ് ഹൗസ് പൂർണ്ണമായും രൂപ കല്പന ചെയ്ത് നിർമ്മിച്ചിരിക്കുന്നത് പ്രമുഖ ബിൽഡിംഗ് കമ്പനിയായ കോൺഫിഡന്റ് ഗ്രൂപ്പാണ്. ഹൗസ് ചലഞ്ചിന്റെ നേതൃത്വത്തിൽ പൂർത്തിയാക്കിയ 156 മത്തെ വീടാണിത്. ഈ വീടിന്റെ പ്രത്യേകത എന്തെന്നാൽ കടലേറ്റവും വെള്ളപൊക്കവും വന്നാൽ വീടിനുള്ളിൽ വെള്ളം കയറില്ല എന്നതാണ്. ഇനി ഈ രീതിയിലാണ് ചെല്ലാനത്തെ മറ്റു വീടുകളുടെ നിർമ്മാണവും നടക്കുന്നതെന്ന് സി. ലിസി ചക്കാലക്കൽ പറഞ്ഞു.