പെരുമ്പാവൂർ: മർഫാൻ സിൻഡ്രോം എന്ന അപൂർവ്വ രോഗം ബാധിച്ച അനു ആന്റണി സുമനസ്സുകളുടെ കാരുണ്യം തേടുന്നു. കാഴ്ചശക്തി കുറഞ്ഞ് ഇല്ലാതാവുകയും അസാധാരണമായി ഉയരംവച്ച്, കൈകാലുകൾക്ക് നീളംകൂടുകയും ചെയ്യുന്ന രോഗമാണ് പുല്ലുവഴി തൈക്കുടത്തിൽ ആന്റണിയുടേയും മേഴ്‌സിയുടേയും മകൾ അനുവിന്. മൂന്നാം വയസ്സിലാണ് രോഗത്തിന്റെ തുടക്കം. 26കാരിയായ അനുവിന്റെ ഒരു കണ്ണിന്റെ കാഴ്ച്ച പൂർണ്ണമായി നഷ്ടപ്പെടുകയും മറുകണ്ണിന്റെ കാഴ്ച പകുതിയിലേറെ കുറയുകയും ചെയ്തതോടെ അലോപ്പതിയും ആയുർവേദവും ഹോമിയോപ്പതിയും നിസ്സഹായരായി.
അനുവിനെ ഇപ്പോൾ പാരമ്പര്യചികിത്സകനായ റൊണാൾഡ് ദാനിയേൽ വൈദ്യരാണ് ചികിത്സിക്കുന്നത്. 2021 നവംബറിലാണ് വൈദ്യർ ചികിത്സ തുടങ്ങിയത്. പെരിന്തൽമണ്ണയിൽ നിന്ന് പുല്ലുവഴിയിലുള്ള അനുവിന്റെ വീട്ടിലെത്തിയാണ് ചികിത്സ. രണ്ടുമാസം പിന്നിട്ടതോടെ രോഗത്തിന് ആശ്വാസം കണ്ടുതുടങ്ങി. നഷ്ടപ്പെട്ട കാഴ്ചശക്തി തിരികെ കിട്ടാൻ തുടങ്ങി. കൈകാലുകളുടെ അസാധാരണ വളർച്ച നിലച്ചു. പൂർണ്ണമായും സൗജന്യമായിട്ടാണ് വൈദ്യരുടെ ചികിത്സ. പക്ഷെ, ഔഷധങ്ങൾക്കും മറ്റുമായി നല്ല ചെലവ് വരും. ഏകദേശം 15 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്നത്. അനുവിന്റെ കുടുംബത്തിന്റെ വീടും പുരയിടവും പണയത്തിലാണ്. പുതിയ ചികിത്സയ്ക്കായി ഇതിനോടകം മൂന്നരലക്ഷം ചെലവിട്ടുകഴിഞ്ഞു. നാട്ടുകാരുടെ സഹായം കൊണ്ടാണ് ഇതുവരെ എത്തിയത്.
ഈ സാഹചര്യത്തിൽ പുല്ലുവഴി പി.കെ.വി സ്മാരകം ആസ്ഥാനമാക്കി ജില്ലാ പഞ്ചായത്ത് മെമ്പർ ശാരദാമോഹൻ ചെയർപേഴ്‌സണായും മുൻ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജപ്പൻ എസ് തെയ്യാരത്ത് കൺവീനറുമായി അനു ആന്റണി ചികിത്സാസഹായ സമിതി രൂപീകരിച്ചു.
കടുത്ത രോഗാവസ്ഥയിലും എം.കോം ബിരുദം നേടിയ അനു സിവിൽ സർവ്വീസ് പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിലാണ്. രോഗത്തിന് ആശ്വാസം കണ്ടുതുടങ്ങിയതോടെ വലിയ സ്വപ്നങ്ങൾ കാണുന്ന അനുവിന്റെ ചികിത്സയ്ക്കുള്ള സഹായങ്ങൾ കാത്തലിക് സിറിയൻ ബാങ്ക് പുല്ലുവഴി ശാഖയിൽ 035007397238190001 നമ്പറിൽ തുടങ്ങിയിട്ടുള്ള സമിതിയുടെ പേരിലുള്ള അക്കൗണ്ടിലേക്ക് അയയ്ക്കാവുന്നതാണ്. ഐ.എഫ്.എസ് കോഡ്: സി.എസ്.ബി.കെ 0000350. കൂടുതൽ വിവരങ്ങൾക്ക് 9447873859.